കല്‍പ്പാത്തി രഥോത്സവത്തിന് അനുമതി 

By: 600007 On: Nov 5, 2021, 5:17 PM

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കല്‍പ്പാത്തി രഥോത്സവം നടത്താന്‍ അനുമതി. ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേര്‍ക്കും അഗ്രഹാരവീഥികളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ നിയന്ത്രണങ്ങളോടെ ഉത്സവം നടത്താനാണ് പാലക്കാട് ജില്ലാഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്.

വലിയ രഥങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ രഥസംഗമം ഉണ്ടാവില്ല. രഥോത്സവം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡും രഥോത്സവകമ്മിറ്റിയും പാലക്കാട് എംഎല്‍എയും ചേര്‍ന്ന് ദേവസ്വം വകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രഥോത്സവം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാഭരണകൂടത്തിന് വകുപ്പ് നിര്‍ദേശം നല്‍കി. തിരക്ക് കുറച്ച് രഥോത്സവം നടത്താനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും ജില്ലാഭരണകൂടം ആവശ്യപ്പെട്ടിരുന്നു. 

നവംബര്‍ 14-16 തീയതികളിലാണ് രഥോത്സവം നടക്കേണ്ടത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ചടങ്ങ് മാത്രമാക്കിയാണ് രഥോത്സവം നടത്തിയത്.

Content highlight: Kalpaathi ratholsavam palakkad district administrations grants permission