കാനഡയിലെ ഏറ്റവും വിലകുറഞ്ഞ ഇവി ആയി 2027 നിസ്സാൻ ലീഫ് എസ്; വില വിവരങ്ങൾ പുറത്തുവിട്ട് കമ്പനി

By: 600110 On: Sep 14, 2026, 10:38 AM

 

കാനഡയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് കാർ എന്ന പദവി വീണ്ടെടുത്ത് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസ്സാൻ. 2027 മോഡൽ നിസ്സാൻ ലീഫിൻ്റെ പുതിയ 'എസ്' വേരിയൻ്റാണ് കമ്പനി കനേഡിയൻ വിപണിയിൽ അവതരിപ്പിച്ചത്. 34,998 കനേഡിയൻ ഡോളറാണ്  ഈ എൻട്രി ലെവൽ മോഡലിൻ്റെ പ്രാരംഭ വില. റോഡ് നികുതിയും മറ്റ് ചാർജുകളും ഉൾപ്പെടെ 37,966 കനേഡിയൻ ഡോളറിന് വാഹനം സ്വന്തമാക്കാം.

സമീപകാലത്ത് പുറത്തിറങ്ങിയ കിയ ഇവി3 (Kia EV3) മോഡലിനെ വിലയിൽ പിന്നിലാക്കിയാണ് നിസ്സാൻ ഈ നേട്ടം കൈവരിച്ചത്. 53 kWh ബാറ്ററി പാക്കോടെ എത്തുന്ന ലീഫ് എസ് ഒറ്റ ചാർജിൽ 341 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 174 എച്ച്.പി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടാറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ റേഞ്ച് ആവശ്യമുള്ളവർക്കായി 75 kWh ബാറ്ററിയുള്ള മറ്റ് പ്രീമിയം വേരിയന്റുകളും നിസ്സാൻ ലഭ്യമാക്കുന്നുണ്ട്.

കനേഡിയൻ സർക്കാരിൻ്റെ ഇലക്ട്രിക് വാഹന പ്രോത്സാഹന പദ്ധതികൾക്കും മറ്റ് സബ്‌സിഡികൾക്കും ഈ വാഹനം അർഹമാണ്. ആവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതോടെ 30,000 ഡോളറിൽ താഴെ തുകയ്ക്ക് ജനങ്ങൾക്ക് ഈ വാഹനം സ്വന്തമാക്കാനാകുമെന്നത് ഇവി വിപണിയിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ കൂടുതൽ മികച്ച ഡിജിറ്റൽ ഫീച്ചറുകളോടെയാണ് നിസ്സാൻ പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്