ഡിജിറ്റൽ ഉപകരണങ്ങൾക്കും കമ്പ്യൂട്ടർ ശൃംഖലകൾക്കും വലിയ സുരക്ഷാ ഭീഷണിയുയർത്തി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ തരം "കമ്പ്യൂട്ടർ വേമുകൾ" ഉയർന്നുവരുന്നതായി മുന്നറിയിപ്പ്. പരമ്പരാഗത വൈറസുകളിൽ നിന്ന് വ്യത്യസ്തമായി, ആക്രമണം നടത്തുന്ന ഉപകരണത്തിൻ്റെ സ്വഭാവവും സുരക്ഷാ വീഴ്ചകളും തത്സമയം മനസിലാക്കി അതിനനുസരിച്ച് സ്വന്തം ആക്രമണ രീതികൾ മാറ്റാൻ ഈ എഐ വേമുകൾക്ക് സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ടൊറൻ്റൻ്ോ സർവകലാശാലയിലെ പ്രൊഫസർ നിക്കോളാസ് പേപ്പർനോട്ടിൻ്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ്, സൗജന്യമായി ലഭ്യമാകുന്ന എഐ മോഡലുകൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഇത്തരം മാരകമായ സൈബർ ആയുധങ്ങൾ നിർമ്മിക്കാനാകുമെന്ന് കണ്ടെത്തിയത്.
ലാപ്‌ടോപ്പുകൾ, പ്രിൻ്ററുകൾ, ക്യാമറകൾ തുടങ്ങിയ ഇൻ്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് ഉപകരണത്തിലേക്ക് വേഗത്തിൽ പടർന്നുപന്തലിക്കാനും വിവരങ്ങൾ ചോർത്താനും ഇവയ്ക്ക് ശേഷിയുണ്ട്. മുൻകാലങ്ങളിൽ സൈബർ ആക്രമണങ്ങൾ തടയാൻ ഒരൊറ്റ സുരക്ഷാ വീഴ്ച പരിഹരിച്ചാൽ മതിയായിരുന്നുവെങ്കിൽ, എഐ വേമുകൾ ഓരോ ഡിവൈസിനും അനുയോജ്യമായ പ്രത്യേക രീതിയിൽ ആക്രമണം രൂപകൽപ്പന ചെയ്യുന്നതിനാൽ പ്രതിരോധം കൂടുതൽ സങ്കീർണ്ണമാകുന്നു. പ്രോസസിംഗ് ശേഷിയും മറ്റ് കമ്പ്യൂട്ടിങ് വിഭവങ്ങളും ഇരകളുടെ ഉപകരണങ്ങളിൽ നിന്ന് തന്നെ മോഷ്ടിച്ചാണ് ഇവ പ്രവർത്തിക്കുന്നത് എന്നതിനാൽ ഹെക്കേഴ്സിന് ഇതിൻ്റെ ചെലവ് വളരെ കുറവാണെന്നും കാനഡയിലെ ഐഎസ്ഇഡി ഡയറക്ടർ ജനറൽ സമീർ ഛബ്ര വ്യക്തമാക്കുന്നു.
ഈ പുതിയ സൈബർ ഭീഷണിയെ നേരിടാൻ കമ്പ്യൂട്ടറുകളിലും ഫോണുകളിലും ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കാനും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ കൃത്യസമയത്ത് ഇൻസ്റ്റാൾ ചെയ്യാനും വിദഗ്ദ്ധർ പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു. ഒറ്റപ്പെട്ട ഒരു സുരക്ഷാ മുൻകരുതൽ കൊണ്ട് മാത്രം ഇവയെ തടയാൻ കഴിയില്ലെന്നും, മൾട്ടി-ഫാക്ടർ ഓതെൻ്റിക്കേഷൻ ഉൾപ്പെടെയുള്ള ബഹുമുഖ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.