സന്തോഷ് പിള്ള
ആലപ്പുഴയുടെ ഹൃദയ ഭാഗത്തുകൂടെയുള്ള മുല്ലക്കല്‍ റോഡിലൂടെ നടക്കുമ്പോള്‍ ആണ് ജോസഫ് ജെ പാലത്രയെ കാണുന്നത്. പ്രൈമറി ക്ലാസ്സ്മു തല്‍, ഡിഗ്രി പഠനം വരെ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്ത്. മുല്ലക്കല്‍ റോഡരികിലുള്ള പാലത്ര ജൂവലേഴ്‌സില്‍ എപ്പോഴും ജോസഫ് ഉണ്ടാവും. സംഭാഷണ മദ്ധ്യേ ജോസഫ് ചോദിച്ചു,
'കല്ലേലി സാറിനെ കാണാന്‍ പോകുന്നില്ലേ'? സാറിപ്പോള്‍ പുറത്തേക്കൊന്നും പോകാറില്ല.
അപ്പോഴാണ് ഓര്‍മിച്ചത്, ഇത്തവണ സാറിനെ കണ്ടില്ലല്ലോ.
പണ്ടൊക്കെ നാട്ടിലെത്തുമ്പോള്‍, വൈകുന്നേരങ്ങളില്‍ മുല്ലക്കല്‍ റോഡിലൂടെ നടന്നുപോകുന്ന സാറിനെ കാണാറുണ്ടായിരുന്നു. എപ്പോഴും ശുഭ്രവസ്ത്രധാരിയായി, ഇടതു കൈ മുണ്ടിനറ്റത്തും, വലതു കൈയ്യില്‍ നീളന്‍ കുടയും പിടിച്ച്, ആലപ്പുഴയുടെ സ്പന്ദനം അറിഞ്ഞുകൊണ്ടുള്ള ആ നടത്തം.
കാണുന്നവരോടെല്ലാം സ്‌നേഹവും, സൗഹൃദവും പങ്കുവെച്ചുകൊണ്ട് സാര്‍ കടന്നുപോകുമ്പോള്‍, ഒരു മനുഷ്യന് എങ്ങനെയാണ് ഇത്രയധികം ആരാധകര്‍ ഉണ്ടാവുക എന്ന് അതിശയപ്പെട്ടിട്ടുണ്ട്. ഒരിക്കലും ചിരിമായാത്ത സാറിനെ കാണുമ്പോള്‍ തന്നെ, അനിര്‍വചനീയമായ ശാന്തി ഉള്ളിന്റെ ഉള്ളില്‍ അനുഭവപ്പെടുമായിരുന്നു. ജൂണ്‍ മാസത്തില്‍ സാറിനെ അവസാനമായി കണ്ടപ്പോഴും അതേ അനുഭൂതിയാണ് ലഭിച്ചത്.
ആറാം ക്ലാസ്സില്‍ SDV സ്‌കൂളില്‍ പ്രവേശനത്തിന് ചെന്നപ്പോഴാണ് കല്ലേലി രാഘവന്‍ പിള്ള സാറിനെ ആദ്യമായി കാണുന്നത്. ഇംഗ്ലീഷ് ഡിക്ഷനറിയിലെ എല്ലാ വാക്കുകളുടെയും അര്‍ത്ഥം സാറിന് മനഃപാഠമാണ് എന്നൊരു ഖ്യാതി അന്നത്തെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഉണ്ടായിരുന്നു.
സ്വാതന്ത്ര സമരസേനാനി, ബാലജനസഖ്യം ആലപ്പുഴ ജില്ലാ രക്ഷാധികാരി, ആകാശവാണി ഉപദേശക സമതി അംഗം, ജവഹര്‍ ബാലഭവന്‍ സ്ഥാപക ഡയറക്ടര്‍, ഭവന നിര്‍മ്മാണ സഹകരണ സംഘം ഡയറക്ടര്‍, മുഖരേഖ മാസിക ചീഫ് എഡിറ്റര്‍, നെഹ്രുട്രോഫി വള്ളംകളി സ്മരണിക പത്രാധിപര്‍ തുടങ്ങിയ അനേകം സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
37 വര്‍ഷം ആലപ്പുഴ SDV സ്‌കൂളിലും, 18 വര്‍ഷം എം ഇ എസ് സ്‌കൂളിലും അധ്യാപകനായിരുന്ന സാറിന് 1985ല്‍ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1964 ല്‍ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച 'നല്ല കുട്ടി' എന്ന പുസ്തകമുള്‍പ്പെടെ 11 പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചിരിക്കുന്നത്.
ആയിരങ്ങള്‍ക്ക് ജ്ഞാനവും, സ്‌നേഹവും, മാര്‍ഗ്ഗ ദര്‍ശനവും നല്‍കിയ, അക്ഷയപാത്രമായിരുന്ന കല്ലേലി രാഘവന്‍ പിള്ള എന്ന ഗുരുനാഥന്‍മാരുടെ ഗുരുവിന്, ബഹുമാനപുരസ്സരം അശ്രുപുഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
സെപ്റ്റംബര്‍ 13ന് അന്തരിച്ച കല്ലേലി സാറിന്റെ സംസ്‌കാരം സെപ്റ്റംബര്‍ 14ന് വൈകുന്നേരം ആലപ്പുഴ, ചാത്തനാട് ശ്മശാനത്തില്‍ വച്ചാണ് നടത്തും.