പ്രസാദ് തീയാടിക്കല്‍
മയാമി: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വസ്ത്രങ്ങള്‍ പൂര്‍ണമായും അഴിച്ചുമാറ്റി അനുചിതമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് വനിതാ യാത്രക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 11-ന് ബാള്‍ട്ടിമോറില്‍ നിന്ന് മയാമിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് അഅ1779 വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ഒമ്പതാം നിരയില്‍ ഇരുന്നിരുന്ന യാത്രക്കാരി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയതിനെ തുടര്‍ന്ന് കാബിന്‍ ജീവനക്കാര്‍ വിവരം പൈലറ്റുമാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തില്‍ യുവതി അനുചിതമായി പെരുമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് വിമാന ജീവനക്കാര്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ഓപ്പറേഷന്‍സ് വിഭാഗത്തെ വിവരം അറിയിക്കുകയും വിമാനം മയാമിയില്‍ എത്തുമ്പോള്‍ നിയമപാലകരുടെ സഹായം ലഭ്യമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടില്ല. AA1779 മയാമിയിലേക്കുള്ള യാത്ര തുടര്‍ന്നു, വെള്ളിയാഴ്ച രാത്രി സുരക്ഷിതമായി മയാമിയില്‍ ഇറങ്ങി.
വിമാനം ഗേറ്റിലെത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ കാത്തുനിന്നിരുന്നതായും തുടര്‍ന്ന് വനിതാ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അധികൃതര്‍ അന്വേഷിച്ചുവരികയാണ്.