പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: സോമാലിയന്‍ വംശജയും യു.എസ്. കോണ്‍ഗ്രസ് അംഗവുമായ ഇല്‍ഹാന്‍ ഒമറിനെതിരെ (Ilhan Omar) ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി (DHS Sec) മാര്‍ക്ക്വെയ്ന്‍ മുല്ലിന്‍ (Markwayne Mullin) സ്ഥിരീകരിച്ചു.
യു.എസിലേക്ക് കുടിയേറുന്നതിനായി ഇല്‍ഹാന്‍ ഒമര്‍ തന്റെ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന ആരോപണത്തിലാണ് ഈ നടപടി. ഡാളസില്‍ നടന്ന റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനിടെ കണ്‍സര്‍വേറ്റീവ് മാധ്യമപ്രവര്‍ത്തകന്‍ ബെന്നി ജോണ്‍സന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ' യു.എസിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തന്റെ സഹോദരനെ വിവാഹം കഴിച്ചതെന്ന് നമുക്കറിയാം. ഇതില്‍ ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു.
ഇല്‍ഹാന്‍ ഒമറുടെ കുടുംബത്തിന്റെ കുടിയേറ്റ ചരിത്രവും വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഫെഡറല്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതായി കോടതിയില്‍ കുറ്റമാരോപിക്കാന്‍ തെളിവുകള്‍ ലഭിച്ചാല്‍, അമേരിക്കന്‍ പൗരത്വം റദ്ദാക്കി അവരെ നാടുകടത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
എന്നാല്‍ രാഷ്ട്രീയ പ്രേരിതമായല്ല, മറിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണമെന്നും മുല്ലിന്‍ വ്യക്തമാക്കി. തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ഇല്‍ഹാന്‍ ഒമര്‍ മുമ്പും ശക്തമായി നിഷേധിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.