കുട്ടികളുടെ മുന്നില്‍ വെച്ച് ഭാര്യയെ 26 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ക്ക് 30 വര്‍ഷം തടവ്

By: 600002 On: Sep 14, 2026, 8:41 AM

 

പി പി ചെറിയാന്‍

ഐഡഹോ: ഐഡഹോയില്‍ മക്കളുടെ മുന്നില്‍ വെച്ച് ഭാര്യയെ 26 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ 47-കാരനായ യുവാന്‍ ഡിയേഗോ റാമോസ് ലോപ്പസിന് സെപ്തംബര്‍ 10 ന് കോടതി 30 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. പരോള്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 15 വര്‍ഷത്തെ ശിക്ഷ അനുഭവിക്കണം. 

കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ലോപ്പസ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ദമ്പതികളുടെ 16 വയസ്സുള്ള മകന്‍ ലോപ്പസിനെ പ്രതിരോധിക്കുകയും 911-ല്‍ വിളിച്ച് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി ഒറേഗണില്‍ വെച്ചാണ് പിടിയിലായത്.

കടുത്ത ഗാര്‍ഹിക പീഡന ചരിത്രമുള്ള പ്രതിയോട്, 'കൊലപാതകം ഒഴിച്ചാല്‍ ഇതിലും ഗുരുതരമായ മറ്റൊരു കുറ്റകൃത്യമില്ല' എന്നും 'നിങ്ങള്‍ സമൂഹത്തിന് വലിയൊരു ഭീഷണിയാണ്' എന്നും ശിക്ഷ വിധിച്ച് ജഡ്ജി നാന്‍സി ബാസ്‌കിന്‍ നിരീക്ഷിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയ്ക്ക് ശേഷം രക്ഷപ്പെട്ടു.