ഡാളസിലുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റ ആറുപേരില്‍ യുവതി കൊല്ലപ്പെട്ടു

By: 600002 On: Sep 14, 2026, 7:42 AM



പി പി ചെറിയാന്‍

ഡാളസ്: തെക്കുകിഴക്കന്‍ ഡാലസിലെ ഓക്ക് ക്ലിഫില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ ഒരു യുവതി കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഒന്നിലധികം അക്രമികള്‍ക്ക് പങ്കുണ്ടെന്ന് ഡാലസ് പോലീസ് അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഹൈലാന്‍ഡ് വില്ലേജ് ഡ്രൈവിലെ 5900 ബ്ലോക്കിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡാലസ് ഫയര്‍-റെസ്‌ക്യൂ സംഘം പരിക്കേറ്റ ആറുപേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാറിയ ബ്രൗണ്‍ (25) എന്ന യുവതിയാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റ് അഞ്ച് പേരുടെ നില നിലവില്‍ തൃപ്തികരമാണെന്ന് പോലീസ് വ്യക്തമാക്കി.

അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് നിരവധി വെടിയുണ്ടകള്‍ ഉതിര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.