ഫെഡറൽ ഫണ്ട് നിലനിർത്തി പദ്ധതികളിൽ നിന്ന് പിന്മാറാനുളള നീക്കവുമായി ആൽബർട്ട സർക്കാർ 

By: 600110 On: Sep 14, 2026, 6:55 AM

 

ഫെഡറൽ ഫണ്ട് നിലനിർത്തി പദ്ധതികളിൽ നിന്ന് പിന്മാറാനുളള നീക്കവുമായി ആൽബർട്ട സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്കുള്ള ചോദ്യവും ഒക്ടോബർ 19-നുള്ള റഫറണ്ടത്തിൽ ഉണ്ടാകും. ഫെഡറൽ സർക്കാരിന്റെ പദ്ധതികളിൽ നിന്ന് പിന്മാറാനും എന്നാൽ അതിനായി അനുവദിക്കുന്ന ഫണ്ട് നഷ്ടപ്പെടാതെ കൈവശം വെക്കാനും പ്രവിശ്യകളെ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിയാണ് ആൽബർട്ടാ സർക്കാരിൻ്റെ ലക്ഷ്യം. 

ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി കേന്ദ്രം നൽകുന്ന പണം പ്രവിശ്യകൾക്ക് നിബന്ധനകളോടെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. എന്നാൽ ഫണ്ട് നിരസിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നതിനാൽ പ്രവിശ്യകൾ സാധാരണയായി പണം സ്വീകരിക്കുകയാണ് പതിവ്. ഈ അവസ്ഥയ്ക്ക മാറ്റം വരുത്താനും, ഫെഡറൽ നിബന്ധനകൾ ഇല്ലാതെ തന്നെ സാമൂഹിക പദ്ധതികൾക്കായി ഈ ഫണ്ട് ലഭ്യമാക്കാനും വേണ്ടിയാണ് ഭരണഘടനാ ഭേദഗതിക്ക് ആൽബർട്ട ശ്രമിക്കുന്നത്. ആൽബർട്ട മുൻപ് കാനഡ ഡെന്റൽ കെയർ പ്ലാനിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആൽബർട്ടയ്ക്ക് അർഹമായ വിഹിതം ലഭ്യമാക്കാൻ ഇപ്പോഴും ഒട്ടാവയിലെ കേന്ദ്ര സർക്കാരുമായി ചർച്ചകൾ തുടരുകയാണ്.

എങ്കിലും, റഫറണ്ടത്തിൽ ജനങ്ങൾ 'യെസ്' (Yes) എന്ന് വോട്ട് ചെയ്തതുകൊണ്ട് മാത്രം ഈ നിയമം നിലവിൽ വരില്ല. ഇത്തരം ഒരു ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ വരണമെങ്കിൽ കനേഡിയൻ പാർലമെന്റിന്റെ പിന്തുണയ്ക്ക് പുറമെ, കാനഡയിലെ ജനസംഖ്യയുടെ പകുതിയെയെങ്കിലും പ്രതിനിധീകരിക്കുന്ന കുറഞ്ഞത് ഏഴ് പ്രവിശ്യകളുടെ പിന്തുണ കൂടി ആവശ്യമാണ്.