അതിവേഗ ലൈസൻസും പി.ആറും; അമേരിക്കൻ ആരോഗ്യ പ്രവർത്തകർക്ക് വാതിൽ തുറന്ന് കാനഡ

By: 600110 On: Sep 14, 2026, 6:53 AM

കാനഡയിലെ രൂക്ഷമായ നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും ക്ഷാമം പരിഹരിക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ രാജ്യത്തേക്ക് ആകർഷിക്കുന്ന നയം കനേഡിയൻ പ്രൊവിൻസുകൾ ശക്തമാക്കി. അമേരിക്കയിലെ ഇമിഗ്രേഷൻ ആശങ്കകളും ആരോഗ്യ മേഖലയിലെ അസംതൃപ്തിയും കാരണം നിരവധി പേരാണ് കാനഡയിലേക്ക് ചേക്കേറാൻ താല്പര്യം കാണിക്കുന്നത്.

മിനസോട്ടയിൽ നഴ്‌സായിരുന്ന ഷെയ്ൻ ടൈസൺ ഇതിനൊരു ഉദാഹരണമാണ്. ബി.സി. ഹെൽത്ത് മാച്ച്  വഴിയുള്ള വേഗത്തിലുള്ള ലൈസൻസിങ് നടപടികളിലൂടെയും പെർമനന്റ് റെസിഡൻസി ഓഫറുകളിലൂടെയും മൂന്ന് മാസത്തിനുള്ളിൽ അദ്ദേഹം കാനഡയിൽ ജോലിയിൽ പ്രവേശിച്ചു. ഇൻഷുറൻസ് കമ്പനികളുടെ ഇടപെടലുകളില്ലാതെ എല്ലാ രോഗികൾക്കും ഒരേപോലെ പരിചരണം ലഭിക്കുന്ന കനേഡിയൻ ആരോഗ്യ സംവിധാനം വലിയ ആശ്വാസമാണെന്ന് ടൈസൺ പറയുന്നു.

2025-ൽ അമേരിക്ക കേന്ദ്രീകരിച്ചുള്ള റിക്രൂട്ട്‌മെൻ്റ് ഊർജ്ജിതമാക്കിയതിനു ശേഷം, ഒൻ്റാരിയോയിൽ മാത്രം 2,300 നഴ്‌സുമാരും 570 ഡോക്ടർമാരും സേവനത്തിനെത്തി. ബി.സിയിൽ  580-ലേറെ ആരോഗ്യ പ്രവർത്തകരും നോവ സ്കോഷ്യയിൽ 33 ഡോക്ടർമാരും പുതിയതായി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. പുതിയതായി എത്തുന്ന കുടുംബങ്ങൾക്ക് താമസസൗകര്യവും ലൈസൻസ് നടപടികളും എളുപ്പമാക്കാൻ പ്രാദേശികമായി 'ഡിസ്കോർഡ്'  കൂട്ടായ്മകളും കാനഡയിൽ സജീവമാണ്.

അതേസമയം, അമേരിക്കയിൽ നിന്നുള്ള റിക്രൂട്ട്‌മെൻ്റ് താത്കാലിക ആശ്വാസം മാത്രമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കാനഡയിലുള്ള നഴ്‌സുമാർക്കും ഡോക്ടർമാർക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും സൗകര്യങ്ങളും ഉറപ്പാക്കി അവരെ രാജ്യത്ത് തന്നെ നിലനിർത്താനുള്ള നടപടികളാണ് കാനഡ അടിയന്തരമായി സ്വീകരിക്കേണ്ടതെന്ന് കനേഡിയൻ മെഡിക്കൽ-നഴ്‌സിങ് അസോസിയേഷനുകൾ ചൂണ്ടിക്കാണിക്കുന്നു.