കാനഡയിലേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ടൊറൻ്റോയിൽ നടക്കുന്ന കാനഡ നിക്ഷേപ ഉച്ചകോടിക്ക് തുടക്കമായി. ലോകമെമ്പാടുമുള്ള നിക്ഷേപകരും വ്യവസായ പ്രമുഖരും ടൊറൻ്റോയിലേക്ക് എത്തിയതോടെ ഇതിനകം തന്നെ നിരവധി കരാറുകൾ ഒപ്പുവെച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളറിൻ്റെ നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. റോയൽ ഒൻ്റാരിയോ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ, ലോകം കാനഡയെ കാണുന്ന രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്ന് കാർണി പറഞ്ഞു. ഊർജ്ജവും സാങ്കേതികവിദ്യയും മികച്ച പ്രതിഭകളും മാത്രമല്ല, മറ്റ് പല രാജ്യങ്ങൾക്കുമില്ലാത്ത വിശ്വസ്തത കൂടി കാനഡയുടെ വലിയ കരുത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റ്, മലേഷ്യ, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഒൻ്റാരിയോയിൽ മാത്രം ഊർജ്ജം, ഖനനം, കൃത്രിമബുദ്ധി (AI) തുടങ്ങിയ മേഖലകളിലായി 15 പ്രധാന പദ്ധതികളാണ് നിക്ഷേപകർക്കായി തുറന്നുകൊടുക്കുന്നത്.
അതേസമയം, ഉച്ചകോടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിൻ്റെ സാമ്പത്തിക ഭാവി വൻകിട കമ്പനികളുടെ തലവന്മാരുടെ കൈകളിൽ ഏൽപ്പിക്കുന്ന പ്രധാനമന്ത്രിയുടെ നയത്തെ ചോദ്യം ചെയ്തുകൊണ്ട് തൊഴിലാളി യൂണിയനുകളും തദ്ദേശീയ നേതാക്കളും പരിസ്ഥിതി പ്രവർത്തകരും തിങ്കളാഴ്ച പ്രക്ഷോഭം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. പൊതുസേവനങ്ങളെയും പരിസ്ഥിതിയെയും ബാധിക്കുന്ന തീരുമാനങ്ങളെ ശക്തമായി എതിർക്കുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.