ആപ്പിൾ വാച്ച് സീരീസ് 12-ൻ്റ പുതിയ ആഗോള പരസ്യ പ്രചാരണത്തിനായി സ്വന്തം സംഗീതം തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കനേഡിയൻ ഇലക്ട്രോണിക് സംഗീതജ്ഞനായ CRi എന്ന ക്രിസ്റ്റോഫ് ഡ്യൂബെ. ആറു വർഷം മുമ്പ് അദ്ദേഹം നിർമ്മിച്ച 'നൈസാൻസ്' എന്ന ട്രാക്കാണ് ആപ്പിൾ സ്വന്തമാക്കിയത്. 'ജനനം' എന്നാണ് ഈ ഫ്രഞ്ച് വാക്കിന്റെ അർത്ഥം.
ഈ നേട്ടം തൻ്റെ ജീവിതത്തിലെ തന്നെ വൻ വഴിത്തിരിവാണെന്ന് 36-കാരനായ ഡ്യൂബെ പ്രതികരിച്ചു. Coachella സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതും ആപ്പിളിൻ്റെ ആഗോള പരസ്യത്തിൻ്റെ ഭാഗമാകുന്നതുമൊക്കെ ഏതൊരു കലാകാരൻ്റെയും വലിയൊരു സ്വപ്നവും നാഴികക്കല്ലുമാണ്. മൂന്ന് ആഴ്ച മുമ്പാണ് ഗാനത്തിൻ്റെ ഐസൊലേറ്റഡ് ഓഡിയോ ആവശ്യപ്പെട്ട് ആപ്പിൾ പ്രതിനിധികൾ ബന്ധപ്പെട്ടത്. തുടർന്ന് കഴിഞ്ഞ ആഴ്ച ഗാനം വാങ്ങാനുള്ള കരാർ ഔദ്യോഗികമായി നൽകുകയായിരുന്നു.
എഐ സർഗ്ഗാത്മക മേഖലകളെ കീഴ്പെടുത്തുന്ന ഈ കാലഘട്ടത്തിലും, മനുഷ്യൻ്റെ സർഗ്ഗാത്മകതയ്ക്ക് വൻകിട കമ്പനികൾ അർഹമായ മൂല്യം നൽകുന്നുണ്ടെന്നതിൻ്റെ തെളിവാണ് ഈ അംഗീകാരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ-സാമ്പത്തിക സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും കനേഡിയൻ കലാകാരന്മാർക്കും അമേരിക്കൻ കമ്പനികൾക്കും ഇടയിൽ മികച്ച സഹകരണം സാധ്യമാണെന്ന് കൂടിയാണ് ഇത് തെളിയിക്കുന്നത്.
യൂട്യൂബിൽ ദശലക്ഷക്കണക്കിന് ആളുകൾ കണ്ട പരസ്യത്തിലൂടെ തൻ്റെ സൃഷ്ടിയെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനും സംഗീത ജീവിതത്തിൽ വലിയൊരു നേട്ടം കൈവരിക്കാനും തനിക്ക് സാധിച്ചതായി ഡ്യൂബെ പറഞ്ഞു.