ആൽബർട്ട എനർജി റിബേറ്റ്: 100 ഡോളറിൻ്റെ റിബേറ്റിനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

By: 600110 On: Sep 12, 2026, 10:42 AM

 

ആൽബർട്ട  സർക്കാർ പ്രഖ്യാപിച്ച എനർജി റിബേറ്റിന് യോഗ്യരായ പൗരന്മാർക്ക് നൽകുന്ന 100 ഡോളറിൻ്റെ ഒറ്റത്തവണ റിബേറ്റിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആയി നിശ്ചയിച്ചു. നിത്യോപയോഗ ചെലവുകളിലും ഊർജ്ജ നിരക്കുകളിലുമുണ്ടായ വർദ്ധനവ് മൂലം പ്രതിസന്ധിയിലായ ജനങ്ങൾക്ക് സാമ്പത്തിക ആശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം ഈ പദ്ധതി നടപ്പിലാക്കിയത്.പ്രവിശ്യയിലെ മൂന്ന് ദശലക്ഷത്തിലധികം നിവാസികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭ്യമാകുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

പദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം, 18 വയസ്സ് പൂർത്തിയായവരും ആൽബർട്ടയിൽ സ്ഥിരതാമസക്കാരുമായ വ്യക്തികൾക്കാണ് ഈ ധനസഹായത്തിന് അർഹതയുള്ളത്. വ്യക്തിഗത വരുമാനം 1,80,000 ഡോളറോ അതിൽ കുറവോ ഉള്ളവർക്ക് പോർട്ടൽ വഴി നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതേസമയം, പ്രവിശ്യാ സർക്കാറിൻ്റെ  ആൽബർട്ട സീനിയേഴ്സ് ബെനിഫിറ്റ്,  ഭിന്നശേഷിക്കാർക്കുള്ള സാമ്പത്തിക ആനുകൂല്യം  എന്നിവ കൈപ്പറ്റുന്നവർക്ക് അപേക്ഷ സമർപ്പിക്കാതെ തന്നെ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതാണ്.

യോഗ്യരായ എല്ലാ പൗരന്മാരും തീയതി അവസാനിക്കുന്നതിന് മുൻപായി  സർക്കാറിൻ്റെ ഔദ്യോഗിക ഡിജിറ്റൽ പോർട്ടൽ വഴി വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അപേക്ഷകൾ പരിശോധിച്ച് പ്രോസസ്സിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് ഡയറക്ട് ഡെപ്പോസിറ്റ് വഴിയോ ഇ-ട്രാൻസ്ഫർ വഴിയോ തുക ലഭ്യമാക്കും. അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കണമെന്ന് ഭരണകൂടം ഓർമ്മിപ്പിച്ചു.