9/11 ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷികം രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

By: 600002 On: Sep 12, 2026, 9:28 AM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷികത്തിലേക്ക് അമേരിക്ക കടക്കുമ്പോള്‍, രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കയിലെ പത്ത് കോടിയിലധികം ആളുകള്‍ക്ക് 2001 സെപ്റ്റംബര്‍ 11-ലെ ദുരന്തത്തെക്കുറിച്ച് നേരിട്ടുള്ള ഓര്‍മ്മകളോ അനുഭവങ്ങളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ നിന്ന് ഈ ചരിത്രം തമസ്‌കരിക്കപ്പെടുന്നുവെന്നും, തീവ്ര ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ കുട്ടികളില്‍ നിന്ന് മറച്ചുവെക്കുന്നുവെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്.

9/11 മെമ്മോറിയല്‍ ആന്‍ഡ് മ്യൂസിയം പ്രസിഡന്റ് ബെത്ത് ഹില്‍മാന്റെ അഭിപ്രായത്തില്‍, അന്നത്തെ ഭീകരദിനം നേരില്‍ കണ്ട തലമുറയ്ക്ക് അതിന്റെ ഓര്‍മ്മകള്‍ വ്യക്തമാണെങ്കിലും, ഇന്നുള്ള പത്ത് കോടിയോളം അമേരിക്കക്കാര്‍ ആ സമയത്ത് ജനിച്ചിട്ടുപോലുമില്ലാത്തവരോ അല്ലെങ്കില്‍ തീരെ ചെറിയ കുട്ടികളോ ആയിരുന്നു. അതിനാല്‍ തന്നെ ക്ലാസ് മുറികളിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്ന അറിവുകള്‍ നിര്‍ണ്ണായകമാണ്.

എന്നാല്‍ അമേരിക്കയിലെ സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ 9/11 ചരിത്രം വളച്ചൊടിക്കപ്പെടുകയാണെന്ന് 'ടീച്ചര്‍ ഫ്രീഡം അലയന്‍സ്' സിഇഒയും മുന്‍ യു.എസ് ഹിസ്റ്ററി അധ്യാപകനുമായ റയാന്‍ വാള്‍ട്ടേഴ്‌സ് ആരോപിക്കുന്നു. 'അധ്യാപക യൂണിയനുകളും ഇടതുപക്ഷ ഗ്രൂപ്പുകളും ചേര്‍ന്ന് പാഠ്യപദ്ധതിയെ സ്വാധീനിക്കുന്നു. ഹൈജാക്കര്‍മാരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളോ തീവ്ര ഇസ്ലാമിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളോ പല സ്‌കൂളുകളിലെയും പഠനങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്നു,' അദ്ദേഹം വാഷിംഗ്ടണ്‍ വാച്ചിനോട് പറഞ്ഞു. ഡെമോക്രാറ്റ് അനുകൂല സംസ്ഥാനങ്ങളില്‍ (Blue states) ഇത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ നാമമാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പിയൂ റിസര്‍ച്ച് സെന്ററിന്റെ 2026-ലെ സര്‍വ്വേ പ്രകാരം, 18-നും 24-നും ഇടയില്‍ പ്രായമുള്ള 60 ശതമാനം യുവാക്കളും 9/11 ആക്രമണത്തെക്കുറിച്ച് ആദ്യമായി പഠിക്കുന്നത് സ്‌കൂളുകളില്‍ നിന്നാണ്. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന പല സ്‌കൂളുകളും ഈ ചരിത്രത്തെ തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുകയാണെന്ന് ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഫെല്ലോ കോറി ഡിആഞ്ചലിസ് കുറ്റപ്പെടുത്തുന്നു. ഇസ്ലാമോഫോബിയയെക്കുറിച്ചും അമേരിക്കയുടെ കുറ്റബോധത്തെക്കുറിച്ചും സംസാരിക്കുന്ന സ്‌കൂളുകള്‍, ആക്രമണത്തില്‍ കൊല്ലപ്പെട്ട 2,977 നിരപരാധികളെയും അവരുടെ പ്രാണരക്ഷാ പ്രവര്‍ത്തനങ്ങളെയും അവഗണിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

കുട്ടികളില്‍ രാജ്യത്തോടുള്ള സ്‌നേഹത്തിന് പകരം വെറുപ്പ് വളര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും, അമേരിക്കയെ എല്ലായ്‌പ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന 'വോക്ക്' (woke) ആശയങ്ങളാണ് വിദ്യാലയങ്ങളില്‍ കുത്തിവെക്കുന്നതെന്നും റയാന്‍ വാള്‍ട്ടേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. ചരിത്രത്തിലെ ഈ വസ്തുതകള്‍ മാറ്റിയെഴുതപ്പെടുന്നത് തടയാന്‍ രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന 'സ്‌കൂള്‍ ചോയ്‌സ്' (School choice) സമ്പ്രദായം നടപ്പിലാക്കണമെന്നാണ് വിദഗ്ധരുടെ ശക്തമായ ആവശ്യം.