പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെയും വിപണിയെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഇറാന്‍ സംഘര്‍ഷം അതീവ ഗുരുതരമായ വഴിയിലേക്ക് നീങ്ങുന്നു. മധ്യേഷ്യയിലെ യുദ്ധഭീതി ആഗോള ഇന്ധന വിപണിയെ ശക്തമായി ബാധിച്ചിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വിലകള്‍ കുതിച്ചുയരുകയും ആഗോളതലത്തില്‍ കടുത്ത പണപ്പെരുപ്പ ഭീഷണി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, സൗദി അറേബ്യയുടെ സുപ്രധാന എണ്ണ പൈപ്പ്ലൈനിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണം സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. സൗദി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിലെ ഡ്രോണ്‍ ആക്രമണം സൗദി അറേബ്യയിലെ കിഴക്കന്‍ എണ്ണപ്പാടങ്ങളെ ചെങ്കടല്‍ തീരത്തെ യാന്‍ബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് ക്രൂഡ് ഓയില്‍ പൈപ്പ്ലൈനിന് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
ഇറാഖില്‍ നിന്നും വിക്ഷേപിച്ച ഒന്നിലധികം ഡ്രോണുകളാണ് സൗദിയുടെ റിയാദ്, മദീന മേഖലകളിലുള്ള പമ്പിങ് സ്റ്റേഷനുകളെ ലക്ഷ്യമിട്ടെത്തിയത്. ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും സ്റ്റേഷനുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദി ഊര്‍ജ മന്ത്രാലയം ഈ പൈപ്പ്ലൈനിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ ആഘാതം: ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ കാരണം, എണ്ണ കയറ്റുമതി മുടങ്ങാതെ സൂക്ഷിക്കാന്‍ സൗദി ആശ്രയിച്ചിരുന്ന പ്രധാന ബദല്‍ മാര്‍ഗ്ഗമാണ് ഈ പൈപ്പ്ലൈന്‍. പ്രതിദിനം അഞ്ച് ദശലക്ഷം ബാരല്‍ വരെ എണ്ണ കൊണ്ടുപോകുന്ന ഈ റൂട്ട് അടച്ചത് ആഗോള വിപണിയില്‍ എണ്ണവില വീണ്ടും വന്‍തോതില്‍ കുതിച്ചുയരാന്‍ ഇടയാക്കും.
ആക്രമണത്തിന് പിന്നില്‍ ഇറാഖിലെ ഇറാന്‍ അനുകൂല മില്ലീഷ്യ ഗ്രൂപ്പുകളാണെന്നാണ് പ്രാരംഭ റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഇറാഖ് പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.