കുറഞ്ഞ വേതനം കൂട്ടുന്നത് സംബന്ധിച്ച് ക്യുബെക്കിൽ വാദപ്രതിവാദങ്ങൾ തുടരുന്നു

By: 600110 On: Sep 12, 2026, 6:26 AM

ക്യുബെക്കിൽ കുറഞ്ഞ വേതനം (Minimum Wage) മണിക്കൂറിന് 20 ഡോളറാക്കി ഉയർത്തണമെന്ന നിർദ്ദേശം വലിയ രാഷ്ട്രീയ, സാമ്പത്തിക തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സാധാരണക്കാരായ തൊഴിലാളികൾക്ക് ജീവിതാവശ്യങ്ങൾ നിറവേറ്റാൻ സഹായകരമാകുംവിധം 'ക്യുബെക് സോളിഡെയർ' എന്ന രാഷ്ട്രീയ പാർട്ടിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. എന്നാൽ, വേതനം പെട്ടെന്ന് ഉയർത്തുന്നത് മൊത്തം ശമ്പള ഘടനയെ ബാധിക്കുമെന്നും സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകുമെന്നുമാണ് ഭരിക്കുന്ന കോയലിഷൻ അവെനിർ ക്യുബെക് (CAQ) നേതാവ് ക്രിസ്റ്റിൻ ഫ്രെഷെറ്റിൻ്റെ വാദം.

എന്നാൽ ഈ ഭയത്തിൽ കാര്യമൊന്നുമില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പക്ഷം. കുറഞ്ഞ വേതനം ഉയർത്തുന്നത് പണപ്പെരുപ്പത്തിനോ സാമ്പത്തിക തകർച്ചയ്ക്കോ വഴിവെക്കില്ലെന്ന് IRIS ഗവേഷകയായ ഈവ്-ലൈൻ കൂട്ടൂറിയർ നടത്തിയ പഠനം വ്യക്തമാക്കുന്നു. വേതനം കൂട്ടമ്പോഴൊക്കെ ബിസിനസ് ഉടമകൾ ആശങ്കപ്പെടാറുണ്ടെങ്കിലും പ്രായോഗികമായി ഇത്തരം പ്രതിസന്ധികൾ ഉണ്ടാകാറില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

ശമ്പളവർദ്ധനവും തൊഴിൽ നഷ്ടവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് മോൺട്രിയൽ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ പിയറി-ആന്റണി ഹാർവി പറയുന്നു. മാത്രമല്ല, കുറഞ്ഞ വേതനം കൂട്ടുന്നത് അതിന് തൊട്ടുമുകളിൽ ശമ്പളം വാങ്ങുന്നവർക്കും ഗുണകരമാകും. നിലവിൽ ക്യുബെക്കിലെ കുറഞ്ഞ വേതനം മണിക്കൂറിന് 16.60 ഡോളറാണ്. കാനഡയിലെ പ്രവിശ്യകളിൽ അഞ്ചാം സ്ഥാനത്താണിത്.

തുക 20 ഡോളറാക്കി ഉയർത്തിയാൽ നിലവിൽ 16.60 നും 20 ഡോളറിനും ഇടയിൽ വേതനം വാങ്ങുന്ന രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് നേരിട്ട് ശമ്പളവർദ്ധനവ് ലഭിക്കും. നിലവിൽ 1,37,100 പേരാണ് ഏറ്റവും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നത്. അദ്ധ്വാനിക്കുന്ന ആളുകൾക്ക് അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ വരുമാനം ലഭിക്കണമെന്നാണ് ക്യുബെക് സോളിഡെയർ വക്താവ് റൂബ ഗസാൽ അഭിപ്രായപ്പെട്ടത്. പെട്ടെന്നുള്ള വേതന വർദ്ധനവ് മൂലം വ്യാപാരികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ 330 ദശലക്ഷം ഡോളറിൻ്റെ ധനസഹായ പദ്ധതിയും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.