'ഹോപ്പ് & ഹാർഡ് വർക്ക്': സിനിമാ-ടെലിവിഷൻ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിട്ട് ജസ്റ്റിൻ ട്രൂഡോ

By: 600110 On: Sep 12, 2026, 6:25 AM

 


മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അദ്ദേഹത്തിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് കേറ്റി ടെൽഫോർഡും ചേർന്ന് പുതിയ മാധ്യമ-വിനോദ നിർമ്മാണ കമ്പനി ആരംഭിച്ചു. 'ഹോപ്പ് & ഹാർഡ് വർക്ക്'  എന്നാണ് കമ്പനിയുടെ പേര്. 2025-ൽ അവസാനിച്ച ട്രൂഡോയുടെ ഒമ്പത് വർഷത്തെ പ്രധാനമന്ത്രി കാലാവധിയിൽ ലിബറൽ പാർട്ടി ഉപയോഗിച്ചിരുന്ന മുദ്രാവാക്യത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്.

സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, ഡോക്യുമെൻ്ററികൾ എന്നിവ ഈ കമ്പനി നിർമ്മിക്കും. ചില പ്രോജക്ടുകളുടെ നിർമ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. പെറി ചേഫിൻ്റെ  ക്ലോസർ ബൈ ദി സീ എന്ന് പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയുള്ള ടിവി പരമ്പരയും ഇതിലുണ്ട്. ടൊറന്റോ എഴുത്തുകാരി ഉസ്മ ജലാലുദ്ദീന്റെ ദുരൂഹത നിറഞ്ഞ ഡിറ്റക്ടീവ് ആൻ്റി എന്ന നോവലിന്റെ ദൃശ്യാവിഷ്കാരവും ഒരുക്കുണ്ട്. ഇതിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി ട്രൂഡോയും ടെൽഫോർഡും പ്രവർത്തിക്കും.

ലോകം വിഭജിക്കപ്പെടുന്ന സമയത്ത്, ആളുകളിൽ സഹതാപവും പരസ്പര ധാരണയും വളർത്താൻ മികച്ച കഥപറച്ചിലിന് സാധിക്കുമെന്ന് ട്രൂഡോയും ടെൽഫോർഡും പ്രസ്താവനയിൽ വ്യക്തമാക്കി. 2025 ജനുവരിയിൽ രാഷ്ട്രീയം ഉപേക്ഷിച്ച 54-കാരനായ ട്രൂഡോ, ആഗോളതലത്തിൽ പ്രസംഗങ്ങൾ നടത്താറുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും 2018-ൽ 'ഹയർ ഗ്രൗണ്ട്' എന്ന നിർമ്മാണ കമ്പനി തുടങ്ങിയതിന് സമാനമായാണ് ട്രൂഡോയുടെയും ഈ പുതിയ നീക്കം. പ്രിൻസ് ഹാരിയും മേഗൻ മാർക്കിളും 'ആർച്ചെവെൽ പ്രൊഡക്ഷൻസ്' ആരംഭിച്ചതും ഇതുപോലെയാണ്.
...............................