ഗുളികകളിൽ രാസവസ്തു സന്നിധ്യം; അസെറ്റാമിനോഫെൻ മരുന്ന് വിപണിയിൽ നിന്ന് പിൻവലിച്ച് ഹെൽത്ത് കാനഡ

By: 600110 On: Sep 12, 2026, 6:23 AM

 



ടൊറൻ്റോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടെവ കാനഡ ലിമിറ്റഡ് വിപണിയിലിറക്കിയ ജനറിക് അസെറ്റാമിനോഫെൻ ഗുളികകൾ ഹെൽത്ത് കാനഡ തിരിച്ചവിളിക്കുന്നു. 'നോവോ-ജെസിക് ഫോർട്ടെ 500 മില്ലിഗ്രാം' എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഗുളികകളുടെ ഒരു ബാച്ച് ആണ് പിൻവലിക്കുന്നത്.

ഈ മരുന്നിൽ 'ഫിനോളിക് റെസിൻ' അല്ലെങ്കിൽ 'എപോക്സി' അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവ ഉള്ളിൽ ചെന്നാൽ ദഹനവ്യവസ്ഥയ്ക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. 1,000 ഗുളികകൾ അടങ്ങിയ ബോട്ടിലുകളിലാണ് കമ്പനി ഇത് ഫാർമസികൾക്ക് നൽകിയതെങ്കിലും, രോഗികൾക്ക് ചെറിയ പാക്കറ്റുകളായാണ് നൽകിയിട്ടുള്ളത്.

ഈ ഉൽപ്പന്നം ഉപയോഗിക്കുന്നത് ഉടനടി നിർത്തിവെക്കാനും, സുരക്ഷിതമായി നശിപ്പിക്കുന്നതിനും പകരം മരുന്ന് വാങ്ങുന്നതിനുമായി മരുന്ന് വാങ്ങിയ ഫാർമസിയിലേക്ക് തന്നെ തിരികെ നൽകാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.   ഈ മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിടുകയോ ആശങ്കയുണ്ടാവുകയോ ചെയ്താൽ ഡോക്ടറെ കാണേണ്ടതാണ്.

കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാനും പാർശ്വഫലങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ഹെൽത്ത് കാനഡയെ അറിയിക്കാനും നിർദ്ദേശമുണ്ട്. സാഹചര്യം ഹെൽത്ത് കാനഡ നിരീക്ഷിച്ചുവരികയാണ്.