സെപ്റ്റംബർ 11 ഭീകരാക്രമണത്തിൻ്റെ 25-ാം വാർഷികം, ദുരന്തത്തിന് ഇരയായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കാനഡ

By: 600110 On: Sep 12, 2026, 6:22 AM

 

2001ലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിൻ്റെ 25-ആം വാർഷികത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അന്നത്തെ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ കാനഡ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 25 വർഷം പിന്നിടുമ്പോഴും ആ ദുഃഖം മാറിയിട്ടില്ലെന്നും വെറുപ്പിനും ഭീകരവാദത്തിനുമെതിരെ ഉറച്ചുനിൽക്കുമെന്നും കാർണി വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെട്ട 24 കനേഡിയന്മാരുൾപ്പെടെ മൂവായിരത്തോളം മനുഷ്യരെയും പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെയും അദ്ദേഹം അനുസ്മരിച്ചു. ദുരന്തസമയത്ത് കാനഡക്കാരും അമേരിക്കക്കാരും കാണിച്ച ധീരതയെയും ഇരയായവരെയും കൺസർവേറ്റീവ് നേതാവ് പിയറി പോളിവ്രെയും ആദരിച്ചു.

ആക്രമണത്തിന് തൊട്ടുപിന്നാലെ അമേരിക്ക വ്യോമപാത അടച്ചപ്പോൾ 224 വിമാനങ്ങളാണ് കാനഡ സ്വീകരിച്ചത്. കേവലം 10,000 മാത്രം ജനസംഖ്യയുള്ള ന്യൂഫൗണ്ട്‌ലാൻഡിലെ ഗാൻഡർ എന്ന കൊച്ചുപട്ടണം മാത്രം വഴിതിരിച്ചുവിട്ട വിമാനങ്ങളിലെ അയ്യായിരത്തോളം യാത്രക്കാർക്ക് അഭയമേകി. തുടർന്ന് നാറ്റോയുടെ ആർട്ടിക്കിൾ 5 ചരിത്രത്തിലാദ്യമായി പ്രാബല്യത്തിൽ വരികയും കാനഡ അമേരിക്കയ്ക്കൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയക്കുകയും ചെയ്തു. അഫ്ഗാനിൽ സേവനമനുഷ്ഠിച്ച 40,000-ത്തിലധികം കനേഡിയൻ സൈനികർക്ക് കാർണി നന്ദിയറിയിച്ചു. രാജ്യത്തിനായി ജീവൻ വെടിഞ്ഞവരെയും അടിയന്തരഘട്ടത്തിൽ ധീരത കാട്ടിയവരെയും നാട് എന്നും ഓർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.