കാനഡയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഉക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കാൽഗറിയിൽ കൂടിക്കാഴ്ച നടത്തി. കാൽഗറിയിലെ പാലിസർ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധം, സാമ്പത്തിക മേഖല, ഊർജ്ജ സഹകരണം തുടങ്ങി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ ചർച്ചയായി. ഭാര്യ ഒലേന സെലെൻസ്കയ്ക്കൊപ്പം ബുധനാഴ്ച രാത്രി കാനഡയിലെത്തിയ സെലെൻസ്കിയ്ക്ക് വിദേശകാര്യ മന്ത്രി അനിത ആനന്ദിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ആൽബർട്ടയിലെ ബാൻഫിൽ നടക്കുന്ന ഫെഡറൽ ക്യാബിനറ്റ് പ്ലാനിംഗ് ഫോറത്തെ സെലെൻസ്കി അഭിസംബോധന ചെയ്യും. റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഉക്രെയ്ൻ നേരിടുന്ന ഗുരുതരമായ സുരക്ഷാ വെല്ലുവിളികളും വ്യോമ പ്രതിരോധ സഹായത്തിന്റെ ആവശ്യകതയും അദ്ദേഹം കനേഡിയൻ മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിക്കും. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഉക്രെയ്ന് സൈനിക സഹായമായി കോടിക്കണക്കിന് ഡോളറാണ് കാനഡ വാഗ്ദാനം ചെയ്തിട്ടുള്ളത്. കാനഡ സന്ദർശനത്തിൻ്റെ ഭാഗമായി ടൊറൻ്റോ, നോർത്ത് ബേ എന്നീ നഗരങ്ങളിലെ വിവിധ പരിപാടികളിലും സെലെൻസ്കിയും സംഘവും പങ്കെടുക്കും. രാജ്യത്തിൻ്റെ വിദേശനയത്തിലും അന്താരാഷ്ട്ര സഹകരണത്തിലും കാനഡ ഉക്രെയ്ന് നൽകുന്ന പിന്തുണ വീണ്ടും ഉറപ്പുവരുത്താൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.