അടിയന്തര സഹായത്തിന് ഇനി ഡ്രോണുകളും; 90 ദിവസത്തെ പരീക്ഷണ പദ്ധതിയുമായി കാൽഗറി പോലീസ്

By: 600110 On: Sep 11, 2026, 1:05 PM

 

അടിയന്തര സാഹചര്യങ്ങളിൽ പോലീസിന് വേഗത്തിൽ സഹായമെത്തിക്കാനും സംഭവസ്ഥലത്തെ ലൈവ് ദൃശ്യങ്ങൾ ലഭ്യമാക്കാനുമായി ഡ്രോണുകൾ ഉപയോഗിച്ചുള്ള 90 ദിവസത്തെ പരീക്ഷണ പദ്ധതിക്ക് കാൽഗറി പോലീസ് തുടക്കമിട്ടു. നഗരത്തിന്റെ വടക്കുകിഴക്ക്, തെക്കുകിഴക്ക് മേഖലകളിൽ നിന്നുള്ള അടിയന്തര സന്ദേശങ്ങൾക്കാണ് 'സ്കൈഡിയോ എക്സ്10'  വിഭാഗത്തിൽപ്പെട്ട രണ്ട് ഡ്രോണുകൾ ഉപയോഗിക്കുന്നത്.

പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർ വിദൂരത്തിരുന്നാണ്  ഈ ഡ്രോണുകൾ നിയന്ത്രിക്കുന്നത്. ഒരടിയന്തര സന്ദേശം ലഭിച്ചാൽ പോലീസ് വാഹനം എത്തുന്നതിനേക്കാൾ വേഗത്തിൽ ഡ്രോണുകളെ സംഭവസ്ഥലത്തേക്ക് അയക്കാൻ കഴിയും. വടക്കുകിഴക്കൻ കാൽഗറിയിലെ സുരക്ഷിതമായ കേന്ദ്രത്തിൽ നിന്നാണ് ഇവ പറന്നുയരുക. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ അവിടെയുള്ള ആളുകൾ, നേരിടേണ്ടി വന്നേക്കാവുന്ന അപകടസാധ്യതകൾ, മൊത്തത്തിലുള്ള സാഹചര്യം എന്നിവ ഡ്രോണുകളിൽ നിന്നുള്ള ലൈവ് വീഡിയോ വഴി മനസ്സിലാക്കാൻ പോലീസിന് സാധിക്കും.

കാൽഗറി പോലീസ് മുൻപും തിരച്ചിലുകൾക്കും അന്വേഷണങ്ങൾക്കുമായി ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ 'ഫസ്റ്റ് റെസ്പോണ്ടർ' ആയി ഡ്രോണുകളെ രംഗത്തിറക്കുന്നത് ആദ്യമായാണ്. റെഡ് ഡിയർ ആർ.സി.എം.പി ഉൾപ്പെടെയുള്ള മറ്റ് ഏജൻസികൾ നേരത്തെ തന്നെ ഇത്തരത്തിലുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.  'ട്രാൻസ്പോർട്ട് കാനഡ'യുടെ അംഗീകാരത്തോടെ ആരംഭിച്ച ഈ പദ്ധതിയിലെ മുഴുവൻ സർവീസുകളും ഫെഡറൽ നിയമങ്ങളും പോലീസ് നയങ്ങളും പാലിച്ചായിരിക്കും നടത്തുക.

ഈ മൂന്ന് മാസത്തെ പരീക്ഷണ ഘട്ടത്തിലെ വിജയം വിലയിരുത്തിയ ശേഷമായിരിക്കും ഡ്രോണുകളെ പോലീസിന്റെ സ്ഥിരം സംവിധാനമാക്കണോ എന്ന് തീരുമാനിക്കുക. ഡ്രോണുകളുടെ ഈ ഉപയോഗം പൊതുജനങ്ങളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷ വർദ്ധിപ്പിക്കാനും അപകടസാധ്യതകൾ കുറയ്ക്കാനും സഹായിക്കുമെന്ന് പോലീസ് സൂപ്രണ്ട് ജോഡി ഗാച്ച് വ്യക്തമാക്കി.