ബാങ്കിംഗ് രംഗത്ത് എ.ഐ വിപ്ലവം: കാനഡയിലെ ബാങ്ക് ജീവനക്കാർക്കിടയിൽ ജോലി സുരക്ഷിതത്വത്തെച്ചൊല്ലി ആശങ്ക

By: 600110 On: Sep 11, 2026, 11:11 AM

കാനഡയിലെ പ്രമുഖ ബാങ്കുകൾ  എ.ഐ  സാങ്കേതികവിദ്യ വൻതോതിൽ നടപ്പിലാക്കാൻ തുടങ്ങിയതോടെ ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കകൾ ഉയരുന്നു. കാനഡയിലെ വാഹന നിർമ്മാണ മേഖലയിലുള്ളതിനേക്കാൾ ഇരട്ടി ആളുകൾ (ഏകദേശം 4 ലക്ഷം പേർ) ജോലി ചെയ്യുന്ന മേഖലയാണിത്.  

എ.ഐ സാങ്കേതികവിദ്യ ബാങ്കുകളുടെ പ്രവർത്തനവേഗത വൻതോതിൽ കൂട്ടിയിട്ടുണ്ട്. മോർട്ട്ഗേജ് അപേക്ഷകൾ കൈകാര്യം ചെയ്യാനുള്ള സമയം 15 മണിക്കൂറിൽ നിന്ന് വെറും മൂന്ന് മിനിറ്റായി കുറയ്ക്കാൻ എ.ഐയിലൂടെ സാധിച്ചതായി ടി.ഡി ബാങ്ക് വ്യക്തമാക്കി. ഇൻഷുറൻസ് അണ്ടർറൈറ്റിംഗ് തീരുമാനങ്ങൾ എടുക്കുന്ന സമയം 28 ദിവസത്തിൽ നിന്ന് 10 സെക്കൻഡായി ബി.എം.ഒ ബാങ്കും കുറച്ചു. സ്കോട്ട്യാ ബാങ്ക് 24,000 ദിവസത്തെ ജോലി സമയം ഇതിലൂടെ ലാഭിച്ചു.  

കാനഡയിലെ ധനകാര്യ മേഖലയിലെ 98 ശതമാനം ജീവനക്കാരുടെയും ജോലിയിൽ എ.ഐയുടെ സ്വാധീനമുണ്ടാകുമെന്ന് ടൊറൻ്റോ മെട്രോപൊളിറ്റൻ സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തിൽ മൂന്നിലൊന്ന് ജോലികളിൽ വലിയ മാറ്റങ്ങൾ വരാമെന്നാണ് ബാങ്ക് ഓഫ് കാനഡയുടെ വിലയിരുത്തൽ.  നിലവിൽ ബാങ്കുകൾ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടില്ലെങ്കിലും, ഭാവിയിൽ ഫ്രണ്ട് ലൈൻ ജീവനക്കാരുടെയും കുറഞ്ഞ നൈപുധ്യമുള്ളവരുടെയും തൊഴിലവസരങ്ങൾ കുറഞ്ഞേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും എൻട്രി ലെവൽ ജോലികളെയാകും ഇത് കൂടുതൽ ബാധിക്കുക.

ജീവനക്കാരെ ഒഴിവാക്കാനല്ല, മറിച്ച് അവരുടെ കാര്യക്ഷമത കൂട്ടാനാണ് എ.ഐ ഉപയോഗിക്കുന്നതെന്നും മനുഷ്യബന്ധങ്ങൾക്കാണ് ബാങ്ക് മുൻഗണന നൽകുന്നതെന്നും ആർ.ബി.സി (RBC) വ്യക്തമാക്കുന്നു. വരും വർഷങ്ങളിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം കൂടുമെന്നാണ് സി.ഐ.ബി.സി  വ്യക്തമാക്കിയത്. സാങ്കേതികവിദ്യ അതിവേഗം മാറുന്നുണ്ടെങ്കിലും ബാങ്കിംഗ് മേഖലയിലെ ഭാവി പൂർണ്ണമായും ഇരുളടഞ്ഞതല്ലെന്ന് വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നു. അതേസമയം, എ.ഐ സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്നതിൽ മുൻനിര ഗവേഷകർക്കിടയിലും വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.