കൗമാരക്കാരിയെ പിന്തുടർന്ന് 'കാറ്റ് ഇൻ ദി ഹാറ്റ്'; ഭീതി പരത്തി പുതിയ സോഷ്യൽ മീഡിയ ട്രെൻഡ്

By: 600110 On: Sep 11, 2026, 11:08 AM

 

കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായ 'കാറ്റ് ഇൻ ദി ഹാറ്റ്' വേഷം ധരിച്ചെത്തി കൗമാരക്കാരിയായ പെൺകുട്ടിയെ പിന്തുടർന്ന് ഭയപ്പെടുത്തിയ സംഭവം കാനഡയിൽ ചർച്ചയാകുന്നു. ബിസിയിലെ വെസ്റ്റ് കെലോവ്നയിലായിരുന്നു സംഭവം.  ഇത് സോഷ്യൽ മീഡിയയിലെ അപകടകരമായ ഒരു ട്രെൻഡിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. തമാശയുടെ പേരിലാണെങ്കിൽ പോലും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ഓഗസ്റ്റ് 24-നാണ് രാത്രിയിൽ വേഷം മാറിയെത്തിയയാൾ പെൺകുട്ടിയെ പിന്തുടർന്ന് ഭയപ്പെടുത്തിയത്. സംഭവത്തിൽ വെസ്റ്റ് കെലോണ ആർ.സി.എം.പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭയപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ടിക് ടോക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ ഈ ട്രെൻഡിന്റെ ഭാഗമായി പ്രചരിക്കുന്നത്. സ്കൂളുകൾ, മാളുകൾ, വീടുകൾ എന്നിവയ്ക്ക് മുന്നിൽ ഈ കഥാപാത്രം നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റുകൾ. "ഉടൻ കാണാം", "അടുത്തത് നീയാണ്" തുടങ്ങിയ ഭീഷണി സന്ദേശങ്ങളും ഇത്തരം വീഡിയോകൾക്കൊപ്പം പങ്കുവെക്കുന്നുണ്ട്.

തമാശയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെങ്കിലും, മറ്റൊരാളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ഭയം സൃഷ്ടിക്കുകയും ചെയ്താൽ അത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നു. ക്രിമിനൽ പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കാൻ സാധ്യതയുണ്ട്. അമേരിക്കയിലെ ടെന്നസിയിൽ എഐ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊളറാഡോയിലും സമാനമായ സംഭവത്തിൽ ഒരു കൗമാരക്കാരനെതിരെ കേസ് എടുത്തിട്ടുണ്ട്.

2003-ൽ പുറത്തിറങ്ങിയ 'കാറ്റ് ഇൻ ദി ഹാറ്റ്' സിനിമയിലെ രൂപമാണ് ഈ സോഷ്യൽ മീഡിയ ട്രെൻഡിന് ഉപയോഗിക്കുന്നത്. ഇത്തരം ഭയപ്പെടുത്തുന്ന പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് വിദ്യാലയ അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.