കാൽഗറിയിൽ ഭവനപ്രതിസന്ധി കുറയുന്നതായി റിപ്പോർട്ട്. കോവിഡിന് മുൻപുണ്ടായിരുന്ന ഭവന ലഭ്യതയിലേക്കും വിലയിലേക്കും വേഗത്തിൽ തിരികെയെത്തുന്ന കാനഡയിലെ പ്രധാന നഗരങ്ങളിലൊന്നായി കാൽഗറി മാറുന്നു എന്നാണ് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി നഗരത്തിലുണ്ടായ റെക്കോർഡ് ഭവന നിർമ്മാണമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
2036-ഓടെ ഭവന ലഭ്യത പൂർണ്ണമായി ഉറപ്പാക്കാൻ പ്രതിവർഷം 4,000 മുതൽ 5,000 വരെ അധിക വീടുകൾ കാൽഗറിയിൽ നിർമ്മിക്കേണ്ടതുണ്ട്. അതായത്, വരും ദശകത്തിൽ ഓരോ വർഷവും ശരാശരി 23,000 മുതൽ 24,000 വരെ പുതിയ വീടുകൾ നിർമ്മിക്കപ്പെടണം. കഴിഞ്ഞ വർഷം മാത്രം 27,000 പുതിയ വീടുകളുടെ നിർമ്മാണത്തിന് തുടക്കമിട്ട നഗരത്തിൽ, ഈ വർഷം ഏകദേശം 19,000 വീടുകൾ കൂടി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പുതിയ പദ്ധതികളുടെ നിർമ്മാണത്തിൽ 20 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നത് ആശങ്കയുയർത്തുന്നുണ്ട്. നിർമ്മാണച്ചെലവിലുണ്ടായ വർദ്ധനവ്, ഒഴിവുള്ള വീടുകളുടെ എണ്ണം കൂടിയത്, സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം എന്നിവയാണ് ഇതിന് പ്രധാന കാരണം. ഒറ്റ വസ്തുവിൽ തന്നെ ഡ്യൂപ്ലെക്സുകളും ടൗൺഹൗസുകളും പണിയാൻ അനുമതി നൽകിയിരുന്ന 'സിറ്റി വൈഡ് റീസോണിംഗ്' നയം നിലവിലെ സിറ്റി കൗൺസിൽ റദ്ദാക്കിയത് വലിയ ചർച്ചയായിട്ടുണ്ട്. ഇതോടെ നഗരത്തിലെ മൂന്ന് ലക്ഷത്തിലധികം (306,774) റെസിഡൻഷ്യൽ ഏരിയകൾ വീണ്ടും പഴയ നിയന്ത്രണങ്ങളിലേക്ക് തിരിച്ചെത്തി.
ഈ തീരുമാനം ഭാവിയിലെ ഭവന നിർമ്മാണ വേഗതയെ കുറയ്ക്കുമെന്ന് 'മോർ നെയ്ബേഴ്സ് കാൽഗറി' എന്ന സംഘടന മുന്നറിയിപ്പ് നൽകുന്നു. എന്നാൽ എല്ലാ പ്രദേശങ്ങൾക്കും ഒരേ നിയമം ബാധകമാക്കുന്നത് പ്രായോഗികമല്ലെന്നും, സാധാരണക്കാർക്ക് താങ്ങാനാവുന്ന വീടുകൾ ഉറപ്പാക്കാൻ മറ്റ് വഴികൾ കണ്ടെത്തുമെന്നുമാണ് മേയർ ജെറോമി ഫാർകാസിൻ്റെ നിലപാട്. ചില പഴയ റെസിഡൻഷ്യൽ ഏരിയകളിൽ എട്ടു വീടുകൾ വരെയുള്ള സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനോട് നഗരവാസികളിൽ ചിലർക്ക് എതിർപ്പുമുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, സാധാരണക്കാർക്ക് ലഭ്യമാകുന്ന നോൺ-മാർക്കറ്റ് വീടുകൾക്ക് മുൻഗണന നൽകിക്കൊണ്ട് തങ്ങളുടെ ഭവന നയം കൂടുതൽ വ്യക്തതയോടെ പരിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗര കൗൺസിൽ.