'സ്റ്റേകേഷൻ ടാക്സ് ക്രെഡിറ്റിനുള്ള' പദ്ധതി പ്രഖ്യാപിച്ച് ഒന്റാരിയോ

By: 600007 On: Nov 4, 2021, 9:00 PM

2022 നികുതി വർഷത്തിൽ പ്രവിശ്യയ്ക്കുള്ളിൽ വെക്കേഷൻ ആസൂത്രണം ചെയ്യുന്നവർക്ക് പുതിയ  'സ്റ്റേകേഷൻ ടാക്സ് ക്രെഡിറ്റ് (Ontario Staycation Tax Credit) പദ്ധതി പ്രഖ്യാപിച്ച് ഒന്റാരിയോ. ഒന്റാരിയോ സർക്കാരിന്റെ ഫാൾ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റിന്റെ ഭാഗമായാണ് പുതിയ ടാക്സ് ക്രെഡിറ്റ് പരിപാടി പ്രഖ്യാപിച്ചത്. ഒന്റാരിയോയിലെ  ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളെ വീണ്ടെടുക്കാനും പ്രവിശ്യയിലെ ടൂറിസം ആസ്വദിക്കുവാനും ഒന്റാരിയോ നിവാസികളെ പ്രോത്സാഹിപ്പിക്കാനുമുള്ള  ലക്ഷ്യത്തോടെ ആണ് പുതിയ ടാക്സ് ക്രെഡിറ്റ് സർക്കാർ അവതരിപ്പിക്കുന്നത്. 

2022 ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ അർഹമായ താമസസൗകര്യത്തിന് 20 ശതമാനം വരെ വ്യക്തിഗത ആദായനികുതി ക്രെഡിറ്റ് ഒന്റാരിയോ നിവാസികൾക്ക് ലഭിക്കും. ഒരു വ്യക്തിക്ക് പരമാവധി $1,000 വരെയും ഒരു കുടുംബത്തിന് $2,000 വരെയും ആവും ടാക്സ് ക്രെഡിറ്റ് ലഭിക്കുക. അർഹരായ ഒന്റാരിയോ നിവാസികൾക്ക് 2022 വ്യക്തിഗത നികുതി റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ റീഫണ്ട് ചെയ്യാവുന്ന ഈ ക്രെഡിറ്റിനായി അപേക്ഷിക്കാം. സർക്കാർ പറയുന്നതനുസരിച്ച്, ഒന്റാരിയോയിലെ  ഹോട്ടൽ, മോട്ടൽ, റിസോർട്ട്, ലോഡ്ജ്, ബെഡ്-ആൻഡ്-ബ്രേക്ക്ഫാസ്റ്റ് സ്ഥാപനം, കോട്ടേജ് അല്ലെങ്കിൽ ക്യാമ്പ് ഗ്രൗണ്ട് തുടങ്ങിയ താമസ സ്ഥലങ്ങളിൽ 2022 ജനുവരി 1 നും ഡിസംബർ 31 നുമിടയിൽ ഒരു മാസത്തിൽ താഴെ വെക്കേഷൻ ആസ്വദിക്കുവാനായി തിരഞ്ഞെടുക്കുന്നവർക്കാണ് ടാക്സ് ക്രെഡിറ്റ് ലഭിക്കുക.