ഔദ്യോഗിക സന്ദർശനത്തിനായി യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി കാനഡയിലെത്തി: പ്രതിരോധ സഹകരണം പ്രധാന ചർച്ചയാകും

By: 600110 On: Sep 10, 2026, 1:14 PM

ഔദ്യോഗിക സന്ദർശനത്തിനായി യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി കാനഡയിലെ കാൽഗറിയിൽ എത്തി. ബുധനാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെയും ഭാര്യ ഒലേന സെലെൻസ്കിയെയും വിദേശകാര്യ മന്ത്രി അനിതാ ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്വീകരിച്ചു. യുക്രെയ്ൻ്റെ പരമാധികാര സംരക്ഷണത്തിനും മേഖലയിലെ ശാശ്വത സമാധാന പുനഃസ്ഥാപനത്തിനുമുള്ള കാനഡയുടെ ദൃഢമായ പിന്തുണ ഊട്ടിയുറപ്പിക്കുന്നതാണ് ഈ സന്ദർശനമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി  അറിയിച്ചു.

പ്രതിരോധം, ഊർജ്ജ സുരക്ഷ, സാമ്പത്തിക സഹകരണം എന്നീ നിർണായക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുകയാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. റഷ്യൻ അധിനിവേശം മൂലം ഉടലെടുത്ത മാനുഷിക പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനുള്ള തന്ത്രപ്രധാന തീരുമാനങ്ങളും യോഗങ്ങളിൽ ചർച്ചയാകും. സന്ദർശനത്തിന്റെ ഭാഗമായി ആൽബർട്ടയിലെ ബാൻഫിൽ സംഘടിപ്പിക്കുന്ന പ്രത്യേക കാബിനറ്റ് യോഗത്തിൽ സെലെൻസ്കി ഫെഡറൽ മന്ത്രിസഭാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

കാൽഗറിക്ക് പുറമെ ടൊറൻ്റോ, നോർത്ത് ബേ എന്നീ നഗരങ്ങളിലെ വിവിധ  പരിപാടികളിലും യുക്രെയ്ൻ പ്രതിനിധി സംഘം പങ്കെടുക്കും. റഷ്യൻ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ സൈനിക സഹായങ്ങൾ യുക്രെയ്ൻ പ്രതീക്ഷിക്കുന്നുണ്ട്. 2022-ൽ അധിനിവേശം ആരംഭിച്ചതു മുതൽ ഇതുവരെ ഏകദേശം 6.5 ശതകോടി കനേഡിയൻ ഡോളറിൻ്റെ സൈനിക-സാമ്പത്തിക സഹായമാണ് കാനഡ യുക്രെയ്നായി അനുവദിച്ചിട്ടുള്ളത്.