ലിഥിയം-അയേൺ ബാറ്ററി തീപിടിത്തത്തിൽ  ആശങ്ക: ടൊറൻ്റോ നഗരത്തിൽ തീപിടുത്തങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

By: 600110 On: Sep 10, 2026, 1:07 PM

ടൊറൻ്റോയിൽ ലിഥിയം-അയോൺ ബാറ്ററികൾ മൂലമുണ്ടാകുന്ന അപകടകരമായ തീപിടിത്തങ്ങളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ടൊറന്റോ ഫയർ സർവീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഈ വർഷം ഇത്തരം 97 തീപിടിത്തങ്ങളാണ്  നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുൻവർഷം  രേഖപ്പെടുത്തിയ 91 കേസുകൾ എന്ന സർവകാല റെക്കോർഡാണ് വർഷം അവസാനിക്കുന്നതിന് മാസങ്ങൾക്കുമുമ്പ് തന്നെ മറികടന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇത്തരം അപകടങ്ങളിൽ 200 ശതമാനത്തിലധികം വർധനവുണ്ടായത് നഗര സുരക്ഷാ ഏജൻസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പ്രധാനമായും ഇ-ബൈക്കുകൾ, ഇ-സ്‌കൂട്ടറുകൾ, മറ്റ് ഇലക്ട്രിക് ഗാഡ്‌ജറ്റുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഗുണനിലവാരമില്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ബാറ്ററികളാണ് ഈ ദുരന്തങ്ങൾക്ക് പ്രധാന കാരണമാകുന്നത്. വ്യാജ ചാർജറുകളുടെ ഉപയോഗം, അമിതമായ ചാർജിംഗ്,  കേടുപാടുകൾ സംഭവിച്ച ബാറ്ററികളുടെ തുടർ ഉപയോഗം എന്നിവ അപകട സാധ്യത വർധിപ്പിക്കുന്നു. ലിഥിയം-അയേൺ ബാറ്ററികൾക്ക് തീപിടിക്കുമ്പോൾ അതിവേഗം പടർന്നുപിടിക്കുകയും മാരകമായ വിഷവാതകങ്ങൾ വൻതോതിൽ പുറന്തള്ളപ്പെടുകയും ചെയ്യുന്നതിനാൽ ഇവ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഈ വർഷം മാത്രം ഇത്തരം അപകടങ്ങളിൽപ്പെട്ട് 14 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിയന്തര സുരക്ഷാ വെല്ലുവിളികളിലൊന്നായി ഇത് മാറിയെന്ന് ടൊറന്റോ ഫയർ ചീഫ് ജിം ജെസ്സോപ് പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം ഉപകരണങ്ങളുടെയും ബാറ്ററികളുടെയും ഇറക്കുമതിയും വിൽപ്പനയും പൂർണമായി നിയന്ത്രിക്കുന്നതിന് ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകളുമായി ചേർന്ന് പുതിയ നിയമനിർമാണത്തിന് നഗരസഭ ആലോചിക്കുന്നുണ്ട്. വിശ്വസനീയവും സാക്ഷ്യപ്പെടുത്തിയതുമായ  ഉപകരണങ്ങൾ മാത്രം ഉപയോഗിക്കാനും, അടച്ചിട്ട മുറികളിലോ ഉറങ്ങുന്ന സമയത്തോ ഇവ ചാർജ് ചെയ്യരുതെന്നും ഫയർ സർവീസ് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.