ഡീസൽ വിലയിലുണ്ടായ വൻ വർധനവ് രാജ്യത്തെ എല്ലാ മേഖലകളെയും ബാധിക്കുമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും ഉയരുമെന്നും കാനഡയിലെ സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നതായി കാനഡിയൻസ് ഫോർ അഫോർഡബിൾ എനർജിയുടെ പ്രസിഡന്റും പെട്രോളിയം വിശകലന വിദഗ്ധനുമായ ഡാൻ മക്റ്റീഗ് ചൂണ്ടിക്കാട്ടി. ഈ വിലവർധന താത്കാലികമല്ലെന്നും, സമീപഭാവിയിലൊന്നും വില താഴാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സപ്ലൈ ചെയിനിൻ്റെ ആണിക്കല്ലാണ് ഡീസൽ ഇന്ധനമെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കൃഷി, നിർമ്മാണം, ചരക്ക് ഗതാഗതം എന്നീ മേഖലകളെല്ലാം പൂർണ്ണമായും ഡീസലിനെയാണ് ആശ്രയിക്കുന്നത്. ചരക്കുലോറികളുടെ ഉൾപ്പടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതോടെ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങി വിപണിയിലെത്തുന്ന എല്ലാ അവശ്യസാധനങ്ങൾക്കും വില ഉയർത്താൻ ഉത്പാദകരും വ്യാപാരികളും നിർബന്ധിതരാകുന്നു.
സാധാരണക്കാർക്ക് പെട്രോൾ വിലവർധനവ് നേരിട്ട് പ്രകടമാകുമെങ്കിലും, സാമ്പത്തിക രംഗത്ത് ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുന്നത് ഡീസൽ വില വർധനവാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിലെ എണ്ണ ഉൽപ്പാദന പ്രതിസന്ധികളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. വരും മാസങ്ങളിലും ഡീസൽ അമിതവിലയിൽ തന്നെ തുടരുമെന്നതിനാൽ ഉപഭോക്താക്കൾ വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.