ദിസോസറുകൾ മുട്ട വിരിയിച്ചത് ചെടികൾക്കിടയിൽ കുഴിച്ചിട്ടെന്ന് പുതിയ പഠനം

By: 600110 On: Sep 10, 2026, 9:41 AM

ലോകത്തിലെ ഏറ്റവും വലിയ ദിനോസറുകൾക്ക് സ്വന്തം മുട്ട വിരിയിക്കാൻ അതിന്മേൽ അടയിരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, പകരം ചീഞ്ഞഴുകുന്ന ചെടികൾക്കും ഇലകൾക്കും ഇടയിൽ മുട്ട കുഴിച്ചിട്ടാണ് അവ ചൂട് നൽകിയിരുന്നതെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. 'റോയൽ സൊസൈറ്റി ഓപ്പൺ സയൻസ്' എന്ന ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

'ടൈറ്റനോസറുകൾക്ക്' ഏകദേശം 75 ടൺ വരെ ഭാരമുണ്ടായിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ മുട്ടകൾക്ക് വോളിബോളിൻ്റെയത്ര വലിപ്പമുണ്ടായിരുന്നു. എങ്കിലും അടയിരുന്നാൽ ഈ മുട്ടകൾ ഉടനടി പൊട്ടിപ്പോകും. അതിനാൽ മുട്ടകൾക്ക് ആവശ്യമായ ചൂട് ലഭിക്കാൻ ഇവ മറ്റ് വഴികളാണ് തേടിയത്. മുട്ടത്തോടുകളിലെ സൂക്ഷ്മമായ സുഷിരങ്ങൾ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് ശാസ്ത്രജ്ഞർ പരിശോധിച്ചപ്പോഴാണ് ഈ രഹസ്യം പുറത്തുവന്നത്. മുട്ടകൾ മണ്ണിനടിയിലോ ചെടികൾക്കിടയിലോ കുഴിച്ചിടുമ്പോൾ ശ്വസനത്തിനായി വലിയ സുഷിരങ്ങൾ ആവശ്യമാണ്. പരിശോധിച്ച മുട്ടത്തോടുകളിൽ ഇത്തരത്തിൽ വലിപ്പമേറിയ സുഷിരങ്ങൾ കണ്ടെത്താനായി.

ഇന്നത്തെ മുതലകളും 'മെഗാപോഡുകൾ' എന്ന പക്ഷികളും ചെയ്യുന്നതുപോലെ, ചീഞ്ഞഴുകുന്ന സസ്യങ്ങൾക്കിടയിലാണ് ദിനോസറുകളും മുട്ടകൾ വെച്ചിരുന്നത്. ഈ സസ്യങ്ങൾ അഴുകുമ്പോൾ ഉണ്ടാകുന്ന ചൂടാണ് മുട്ട വിരിയാൻ സഹായിച്ചത്. അർജന്റീനയുടെ തെക്കേ അറ്റത്തുള്ള 'ചോറില്ലൊ ഫോർമേഷനിൽ' നിന്നാണ് ഈ മുട്ടത്തോടുകളുടെ അവശിഷ്ടങ്ങൾ ലഭിച്ചത്. വർഷങ്ങൾക്ക് മുൻപ്, തണുപ്പുള്ള കാലാവസ്ഥ നിലനിന്നിരുന്ന ഇവിടെയും ഇത്തരം കൂറ്റൻ ദിനോസറുകൾക്ക് ജീവിക്കാനും വംശവർദ്ധനവ് നടത്താനും കഴിഞ്ഞിരുന്നു എന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കാനഡയിലെ കാൽഗറി സർവ്വകലാശാലയിലെ ദാർല സെലെനിറ്റ്സ്കി, ജപ്പാനിലെ സുക്കുബ സർവ്വകലാശാലയിലെ കൊഹെയ് തനാക എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പഠനം നടത്തിയത്. ദിനോസറുകൾക്ക് വ്യത്യസ്തമായ സാഹചര്യങ്ങളുമായി എത്രത്തോളം പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തൽ.