സൂപ്പർമാർക്കറ്റിൽ വധഭീഷണി, പൊലീസെത്തിയപ്പോൾ വെടിവെപ്പ്, കാൽഗറിയിൽ തോക്കുമായി ഭീതി പടർത്തിയയാൾ അറസ്റ്റിൽ

By: 600110 On: Sep 10, 2026, 9:38 AM

കാനഡയിലെ കാൽഗറിയിലുള്ള സൂപ്പർമാർക്കറ്റിൽ വെച്ച് കുടുംബത്തിന് നേരെ ഭീഷണി മുഴക്കുകയും, അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ വെടിയുതിർക്കുകയും ചെയ്ത 49-കാരൻ അറസ്റ്റിലായി. വുഡ്‌ബൈൻ കമ്മ്യൂണിറ്റിയിലെ സേഫ്‌വേ  സ്റ്റോറിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. 

കടയിൽ ഭാര്യയോടും കുട്ടിയോടും ഒപ്പം ഷോപ്പിംഗ് നടത്തുകയായിരുന്ന ആൾക്ക് നേരെയാണ് അപരിചിതനായ ഇയാൾ എത്തിയത്. കനേഡിയൻ-അമേരിക്കൻ തീരുവകളെ (Tariffs) കുറിച്ച് സംസാരിച്ചു തുടങ്ങിയ ഇയാൾ, കാനഡ വിരുദ്ധവും അമേരിക്കൻ അനുകൂലവുമായ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുപറയാൻ തുടങ്ങി. തുടർന്ന് ഷോട്ട് ഗൺ കൊണ്ടുവന്ന് കടയിലുണ്ടായിരുന്നയാളെ വെടിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കടയിലെ ജീവനക്കാർ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വീണ്ടും കുടുംബത്തിന് അടുത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതോടെ ജീവനക്കാർ ഇയാളെ കടയിൽ നിന്ന് പുറത്താക്കി.

വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ വുഡ്‌സൈഡ് റോഡിലെ വീട്ടിൽ വെച്ച് കണ്ടെത്തുകയായിരുന്നു. ഇയാളുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നു. പോലീസ് എത്തിയ സമയത്ത് വീട്ടിനുള്ളിൽ നിന്ന് ഒരു വെടിയൊച്ച കേട്ടെങ്കിലും ആർക്കും പരിക്കേറ്റില്ല. വീട്ടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് ഉറപ്പുവരുത്തിയ പോലീസ് ഉച്ചയ്ക്ക് 12:55 ഓടെ ഇയാളെ അറസ്റ്റ് ചെയ്തു. 49-കാരനായ ജെയിംസ് ഡീൻ ഗാരിയോക്ക്  ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ .40 കാലിബർ പിസ്റ്റൾ, ലോഡ് ചെയ്ത 12 ഗേജ് ഷോട്ട്ഗൺ, ഗ്ലോക്ക് മോഡൽ ബിബി ഗൺ, വെടിയുണ്ടകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

കൊലപാതക ഭീഷണി മുഴക്കൽ, ലൈസൻസില്ലാതെ ആയുധം കൈവശം വെക്കൽ, ബോധപൂർവ്വം വെടിയുതിർക്കൽ, ആയുധങ്ങൾ അശ്രദ്ധമായി സൂക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അടുത്ത ആഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും.