കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള പൊതു ശൗചാലയത്തിന് മുന്നിൽ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പേരുള്ള ബോർഡ് സ്ഥാപിച്ച് അജ്ഞാതരുടെ പ്രതിഷേധം. പ്രശസ്തമായ 'ഗാലപ്പിംഗ് ഗൂസ് ട്രെയിലിന്' സമീപമുള്ള ശൗചാലയത്തിന് മുൻപിലാണ് “ഡൊണാൾഡ് ജെ. ട്രംപ് മെമ്മോറിയൽ” എന്ന് എഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
വിക്ടോറിയ നഗരസഭാ അധികൃതർ പിന്നീട് ബോർഡ് അഴിച്ചുമാറ്റി. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ ആരാണ് ബോർഡ് സ്ഥാപിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നഗരസഭ വക്താവ് വ്യക്തമാക്കി. അമേരിക്കയും കാനഡയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾക്കിടെ ട്രംപിനെതിരെയുള്ള ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ വാൻകൂവറിൽ ആദ്യമല്ല. കഴിഞ്ഞ വേനൽക്കാലത്ത് ഇവിടുത്തെ ഒരു പ്രാദേശിക കലാകാരി കുതിരച്ചാണകം ഉപയോഗിച്ച് ട്രംപിൻ്റെ ചിത്രം വരയ്ക്കുകയും അത് 1,800 ഡോളറിന് വിറ്റുപോകുകയും ചെയ്തിരുന്നു.
കാനഡ ഒരിക്കലും അമേരിക്കയുടെ 51-ാമത്തെ സ്റ്റേറ്റ് ആകില്ലെന്ന് പ്രഖ്യാപിക്കുന്ന പുതിയ അതിർത്തി ബോർഡുകൾ ബി.സി. പ്രീമിയർ ഡേവിഡ് ഈബി പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ശൗചാലയത്തിന് മുകളിലെ ഈ വ്യാജ ബോർഡും വാർത്തകളിൽ ഇടംപിടിച്ചത്.