കോവിഡ് ചികത്സയ്ക്കായുള്ള ഗുളികയ്ക്ക് അംഗീകാരം നല്‍കി ബ്രിട്ടന്‍

By: 600007 On: Nov 4, 2021, 7:09 PM

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍. 'മോല്‍നുപിറാവിര്‍' എന്ന ആന്റി-വൈറല്‍ ഗുളികയ്ക്കാണ് ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആര്‍.എ) അംഗീകാരം നല്‍കിയത്. പ്രമുഖ മരുന്ന് നിർമാതാക്കളായ മെര്‍ക്ക് ആന്‍ഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് ആണ് ഗുളിക വികസിപ്പിച്ചിരിക്കുന്നത്. 

ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും ഗുളിക ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കും. ബ്രിട്ടന്‍ അംഗീകാരം നല്‍കിയതോടെ സമ്പന്ന രാജ്യങ്ങള്‍ ഗുളിക വാങ്ങുന്നതിന് ശ്രമമാരംഭിച്ചിട്ടുണ്ട്. അസുഖം ബാധിച്ചയുടന്‍ ഗുളിക കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്. കോവിഡ് ബാധിച്ച് ലക്ഷണങ്ങള്‍ തെളിഞ്ഞാല്‍ അഞ്ചു ദിവസത്തിനകം മരുന്ന് നല്‍കണമെന്നാണ് ബ്രിട്ടീഷ് ഏജന്‍സി പറയുന്നത്. 

കോവിഡ് ചികിത്സയില്‍ ഗുളിക വലിയ മുന്നേറ്റമായി മാറാന്‍ സാധ്യതയുണ്ട്. ഗുളികയുടെ ഉപയോഗത്തിനുള്ള അംഗീകാരത്തിനായി കാനഡയിലും അമേരിക്കയിലും മെർക്ക് കമ്പിനി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 


Story Highlights: The first pill designed to treat symptomatic Covid has been approved by UK