അമേരിക്കയുമായുള്ള വ്യാപാര തർക്കം രൂക്ഷമാകുന്നതിനിടെ കടുത്ത നിലപാടുമായി ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് ഈബി. യു.എസ് അതിർത്തി ക്രോസിംഗുകളിൽ സ്ഥാപിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ സ്വാഗത ബോർഡുകൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തിറക്കി. "ബ്രിട്ടീഷ് കൊളംബിയയിലേക്ക് സ്വാഗതം. ശക്തവും അഭിമാനവുമുള്ള കാനഡ ഒരിക്കലും അമേരിക്കയുടെ 51-ാമത്തെ സ്റ്റേറ്റ് ആകില്ല. സോറി!" എന്നാണ് ബോർഡുകളിലെ സന്ദേശം.
കാനഡയുടെ നന്മയെ ബലഹീനതയായി കാണരുതെന്ന് അദ്ദേഹം ട്രംപിന് മുന്നറിയിപ്പ് നൽകി. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണ സമയത്ത് വാൻകൂവർ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ 8,500-ഓളം അമേരിക്കൻ യാത്രക്കാർക്കായി കാനഡ വാതിലുകൾ തുറന്നുകൊടുത്ത ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ 25 വർഷങ്ങൾക്കിപ്പുറം, പ്രകോപനപരമായ പ്രസ്താവനകളും അനാവശ്യ നികുതിഭാരവും ചുമത്തി ട്രംപ് കാനഡയുടെ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് ശക്തമായ മറുപടി നൽകുന്നതിന്റെ ഭാഗമായി ബി.സിയിലെ കടകളിൽ അമേരിക്കൻ മദ്യങ്ങൾ വിൽക്കുന്നതിനുള്ള നിരോധനം തുടരുമെന്നും പ്രീമിയർ വ്യക്തമാക്കി. കനേഡിയൻ ജനതയെ സംരക്ഷിക്കുന്നതിനായി ഫെഡറൽ സർക്കാരുമായി ചേർന്ന് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.