അമേരിക്ക നൽകിയ 50 ശതമാനം നികുതി വർദ്ധനവിന് കാനഡ അതേ നാണയത്തിൽ തിരിച്ചടി നൽകിയതോടെ വ്യാപാര തർക്കം കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കാനഡയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണ്ണമായി തടയുന്നതും, അമേരിക്കൻ സർക്കാരിൻ്റെ കരാർ മുൻഗണനാ പട്ടികയിൽ നിന്ന് കനേഡിയൻ ഉൽപ്പന്നങ്ങളെ ഒഴിവാക്കുന്നതുമായ അഞ്ച് പുതിയ ഉത്തരവുകളിൽ ട്രംപ് ചൊവ്വാഴ്ച ഒപ്പുവെച്ചു.
ഈ മാസം അവസാനം പ്രാബല്യത്തിൽ വരുന്ന പുതിയ ഉത്തരവുകൾ പ്രകാരം മോട്ടോർ സൈക്കിളുകൾ, ചില ക്ഷീരോൽപ്പന്നങ്ങൾ, മദ്യ പാനീയങ്ങൾ എന്നിവയുടെ ഇറക്കുമതിയാണ് പൂർണ്ണമായും നിരോധിക്കുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയ വിലക്കുകൾക്കും വിവേചനങ്ങൾക്കും മറുപടിയായാണ് ഈ നടപടിയെന്ന് ട്രംപ് വ്യക്തമാക്കുന്നു. കാനഡ തങ്ങളുടെ വിപണികളിൽ അമേരിക്കൻ സ്ഥാപനങ്ങളെ തടയുകയാണെന്നും, അതിനുള്ള തിരിച്ചടിയാണ് ഇതെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
അതേസമയം, അമേരിക്കയ്ക്ക് ബദലായി മറ്റ് വഴികൾ തേടുന്നത് കാനഡയ്ക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങാൻ തയ്യാറല്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. അമേരിക്കൻ നടപടി കാരണം തങ്ങളുടെ ബിസിനസുകൾക്കും ജനങ്ങൾക്കും ഉണ്ടാകുന്ന ആഘാതം നേരിടാൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കനേഡിയൻ പ്രവിശ്യാ നേതാക്കളും അറിയിച്ചു.
ചർച്ചകൾ തടസ്സപ്പെട്ടതിന് ശേഷം കാനഡയ്‌ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന ട്രംപ്, കാനഡയുടെ വിമാന കമ്പനിയായ ബോംബാർഡിയറിന് അമേരിക്കയിൽ വിൽപന വിലക്ക് ഏർപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യു.എസ് തയ്യാറാകുമ്പോൾ കാനഡയുടെ പരമാധികാരം മാനിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് തങ്ങളും സന്നദ്ധരാണെന്ന് കനേഡിയൻ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പ്രതികരിച്ചു.