സ്വകാര്യ മേഖലയില്‍ യൂണിയനുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍  സഹായകരമായ 'മേയേഴ്‌സ് ഓഫീസ് ഓഫ് വര്‍ക്കര്‍ പവര്‍' തൊഴില്‍ ദിനമായ തിങ്കളാഴ്ച നിലവില്‍ വന്നു

By: 600002 On: Sep 8, 2026, 12:00 PM



പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴിലിടങ്ങളില്‍ യൂണിയനുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനും സഹായവുമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി. തൊഴില്‍ ദിനമായ തിങ്കളാഴ്ച (സെപ്റ്റംബര്‍ 7) ഇതിനായി 'മേയേഴ്‌സ് ഓഫീസ് ഓഫ് വര്‍ക്കര്‍ പവര്‍' എന്ന പുതിയ സംവിധാനം രൂപീകരിച്ച് അദ്ദേഹം ഉത്തരവിറക്കി.  

തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാകുന്നതിന് മുന്‍പ് തന്നെ അവര്‍ക്ക് ആവശ്യമായ പിന്തുണയും ബോധവല്‍ക്കരണവും നല്‍കുകയാണ് ഈ ഓഫീസിന്റെ ലക്ഷ്യം. മുന്‍ യു.എ.ഡബ്ല്യു (UAW) നേതാവും തൊഴിലാളി സംഘാടകനുമായ ടോണി പെര്‍ള്‍സ്റ്റീനാണ് പുതിയ ഏജന്‍സിയെ നയിക്കുന്നത്. തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക, തൊഴിലാളികള്‍ക്ക് നിയമസഹായവും യൂണിയന്‍ സംഘടനകളുടെ പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് പ്രധാന ചുമതലകള്‍.  

സിറ്റി ഹാളിന്റെ ഈ ഇടപെടല്‍ തൊഴിലാളി സംഘടനകള്‍ക്ക് വലിയ ആവേശം പകര്‍ന്നിട്ടുണ്ടെങ്കിലും, കോര്‍പ്പറേറ്റ് നികുതി വര്‍ധന അടക്കമുള്ള മേയറുടെ നയങ്ങള്‍ കാരണം നഗരത്തിലെ പ്രമുഖ വ്യവസായികളുമായുള്ള ഭിന്നത രൂക്ഷമാകാനും ഇത് കാരണമായേക്കാം.