മേഘങ്ങളെ തൊട്ടുരുമ്മി നൽക്കുന്ന മഞ്ഞുമൂടിയ വൻ മലനിരകൾ, താഴെ ആഴമേറിയ താഴ്‌വരകൾ, പൈൻ വനങ്ങൾ, അത്യപൂർവ്വമായ തടാകങ്ങൾ... ഏതൊരു സഞ്ചാരിയുടെയും മനസ്സ് കവരുന്ന ഈ പ്രകൃതിദൃശ്യങ്ങളിലൂടെയുള്ള യാത്രയ്‌ക്കൊടുവിൽ കാനഡയിലെ ഏറ്റവും മനോഹരമായ റെയിൽ പാതയായി വൈറ്റ് പാസ് & യൂക്കോൺ റൂട്ട് തിരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിഭംഗിയും സാഹസികതയും ഒത്തിണങ്ങിയ ഈ റെയിൽ പാത വിനോദസഞ്ചാരികളുടെ റേറ്റിംഗിൽ പത്തിൽ 7.8 സ്കോർ നേടിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ചരിത്രപ്രസിദ്ധമായ 'ക്ലോണ്ടൈക്ക് സ്വർണ്ണവേട്ട'യുടെ കാലത്താണ് കുത്തനെയുള്ള പാറക്കെട്ടുകൾ തുരന്ന് ഈ അദ്ഭുത പാത നിർമ്മിക്കുന്നത്. അന്നത്തെ കഠിനമായ വെല്ലുവിളികളെ അതിജീവിച്ച് മനുഷ്യശക്തി മാത്രം ഉപയോഗിച്ച് നിർമ്മിച്ച ഈ റെയിൽവേ ഇന്ന് ലോകത്തിലെ തന്നെ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിലൊന്നാണ്. റെയിൽവേയുടെ പഴയകാല ക്ലാസിക് ലുക്കുള്ള വിന്റേജ് കോച്ചുകളിൽ ഇരുന്ന്, കാനഡയുടെയും അലാസ്കയുടെയും അതിർത്തി പങ്കിടുന്ന ഈ മനോഹര മലനിരകളിലൂടെ സഞ്ചരിക്കുന്നത് ഒരു ടൈം മെഷീനിൽ കയറി പഴയകാലത്തേക്ക് തിരികെ പോകുന്ന പ്രതീതിയാണ് ഓരോ യാത്രികനും സമ്മാനിക്കുന്നത്.
ആഗോളതലത്തിൽ ഏറെ പ്രശസ്തമായ 'റോക്കി മൗണ്ടനീയർ' ഉൾപ്പെടെയുള്ള പ്രമുഖ സർവീസുകളെ പിന്തള്ളിയാണ് വൈറ്റ് പാസ് ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കാനഡയിലെ സാഹസിക റെയിൽവേ ടൂറിസത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രഖ്യാപനം. പ്രകൃതിയുടെ വന്യമായ ഭംഗിയും സാഹസികതയും ഒന്നിച്ച് അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി വടക്കൻ കാനഡയിലെ ഈ സ്വപ്നപാത മാറുമെന്നതിൽ സംശയമില്ല.