പി പി ചെറിയാന്‍
കാലിഫോര്‍ണിയ: സുഹൃത്തിനെ എസ്യുവി കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. കലിഫോര്‍ണിയയിലെ മില്‍പിറ്റസില്‍ ആഗസ്റ്റ് 28-നാണ് സംഭവം.
മില്‍ക്രീക്ക് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ വെച്ച് സുഹൃത്തായ അഞ്ജന ഹരിയെ (35) കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ അനില ബേബി (32) എന്ന യുവതിയാണ് അറസ്റ്റിലായത്. അപ്പാര്‍ട്ട്‌മെന്റിലെ മറ്റൊരു റൂംമേറ്റായ അന്ന മാത്യുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് അനില ബേബി അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ നിന്നുള്ളവരാണ് മൂവരും. സംഭവത്തില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. കേസില്‍ പ്രതിയായ അനില ബേബി സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാകും.