കാനഡയിലെ മാനിറ്റോബയിൽ പല്ല് പറിക്കുന്നതിനായി ഡെൻ്റൽ ക്ലിനിക്കിലെത്തിയ 23-കാരി മരിച്ച് രണ്ട് വർഷത്തോടടുക്കുമ്പോഴും, നീതിക്കായി കാത്തിരിക്കുകയാണ് ഒരു കുടുംബം. 2024 നവംബർ 27-നാണ് വിർജീനിയ ബ്ലാറ്റ്സ് എന്ന യുവതി മോർഡനിലെ ബോണ്ടറി ട്രെയിൽസ് ഡെന്റൽ സെൻ്ററിൽ വച്ച് ദാരുണമായി മരിച്ചത്.
വായയിലെ അസ്വസ്ഥതയെത്തുടർന്ന് അണപ്പല്ല് നീക്കം ചെയ്യാനാണ് വിർജീനിയ ക്ലിനിക്കിലെത്തിയത്. എന്നാൽ ചികിത്സയ്ക്കിടെ നൽകിയ അനസ്തെഷ്യ മരുന്ന് അബദ്ധത്തിൽ രക്തക്കുഴലിലേക്ക് നേരിട്ട് ചെന്നതിനെത്തുടർന്ന് രക്തത്തിൽ മരുന്നിന്റെ അളവ് അമിതമാവുകയും തുടര്‍ന്ന് അപസ്മാരവും മരണവും സംഭവിക്കുകയുമായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
സംഭവത്തിൽ മാനിറ്റോബ ഡെൻ്റൽ അസോസിയേഷൻ (MDA) അന്വേഷണം ആരംഭിച്ചെങ്കിലും, കേസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് കുടുംബത്തിന് യാതൊരു വിവരവും ഇതുവരെ കൈമാറിയിട്ടില്ല. കേസിൽ തങ്ങൾ നേരിട്ട് നൽകിയ പരാതിയുടെ പുരോഗതി അറിയാൻ ശ്രമിച്ചെങ്കിലും, ഔദ്യോഗിക നിയമനടപടികൾ ചൂണ്ടിക്കാട്ടി വിവരങ്ങൾ പങ്കുവെക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് വിർജീനിയയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
എന്നാൽ, അന്വേഷണം പൂർത്തിയാകാത്തതിനാലും നിയമപരമായ പരിമിതികൾ ഉള്ളതിനാലുമാണ് വിവരങ്ങൾ പുറത്തുവിടാത്തതെന്നാണ് ഡെൻ്റൽ അസോസിയേഷൻ നൽകുന്ന വിശദീകരണം. നിലവിൽ ഈ ഡോക്ടർക്ക് രോഗികൾക്ക് അനസ്തെഷ്യ നൽകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ മകളുടെ അപ്രതീക്ഷിത വേർപാടിന് പിന്നിലെ സത്യം പുറത്തുവരണമെന്നും അർഹമായ നീതി ലഭിക്കണമെന്നുമാണ് വിർജീനിയയുടെ കുടുംബം ആവശ്യപ്പെടുന്നത്.