വിന്നിപെഗിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ വൻ നാശനഷ്ടം

By: 600110 On: Sep 8, 2026, 8:43 AM

 

കാനഡയിലെ വിന്നിപെഗിൽ ഞായറാഴ്ച രാത്രി വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. മണിക്കൂറിൽ 83 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകിവീഴുകയും വൈദ്യുത ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു.

നഗരത്തിലെ റിവർ ഹൈറ്റ്‌സ് മേഖലയിൽ നിർത്തിയിട്ടിരുന്ന 1,360 കിലോഗ്രാമോളം ഭാരമുള്ള 'പോണ്ടിയാക് വൈബ്' എന്ന കാർ കാറ്റിൻ്റെ ശക്തിയിൽ സമീപത്തെ വീടിൻ്റെ മുറ്റത്തേക്ക് മറിഞ്ഞുവീണു. വാഹനത്തിൻ്റെ ചില്ലുകൾ തകരുകയും മേൽഭാഗം അമർന്നുപോവുകയും ചെയ്തിട്ടുണ്ട്. മൂന്ന് മീറ്റർ കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ കാർ നേരെ വീടിന് മുകളിലേക്ക് പതിക്കുമായിരുന്നുവെന്നും, ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്നും വാഹന ഉടമ പറഞ്ഞു. കൊടുങ്കാറ്റിൽ പ്രദേശത്തെ പല വീടുകളുടെയും മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മുറ്റത്തുണ്ടായിരുന്ന സാധനങ്ങൾ കാറ്റിൽ പറന്നുപോവുകയും ചെയ്തു. സുരക്ഷ മുൻനിർത്തി പ്രദേശവാസികളിൽ പലരും താൽക്കാലികമായി ഹോട്ടലുകളിലേക്ക് മാറിത്താമസിക്കുകയാണ്. 

അതിനിടെ, നഗരത്തിലെ നാലായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെങ്കിലും പൂർണ്ണമായി പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊട്ടി വീണ വൈദ്യുത ലൈനുകളിലോ മരങ്ങളിലോ തൊടരുതെന്ന് പോലീസും ഹൈഡ്രോ അധികൃതരും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് ഇനിയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.