ആൽബർട്ട പ്രവിശ്യയിൽ പുതിയ സോളാർ പാനലുകൾ വാങ്ങുന്നവർക്ക് അടുത്ത മാസം മുതൽ വലിയ തുക റീസൈക്ലിംഗ് ഫീയായി നൽകേണ്ടി വരും. പഴകിയ സോളാർ പാനലുകൾ പൊതു മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ (Landfills) തള്ളുന്നത് നിരോധിച്ചതിനൊപ്പം, ഒക്ടോബർ ഒന്ന് മുതൽ ഒരു പാനലിന് 14 ഡോളർ വീതം റീസൈക്ലിംഗ് ഫീ ചുമത്താൻ പരിസ്ഥിതി മന്ത്രി ഗ്രാൻഡ് ഹണ്ടർ ഉത്തരവിട്ടു.
ഭാവിയിൽ ഉണ്ടാകാനിടയുള്ള വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങളെയും നികുതിദായകരെയും സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. 2045 ആകുമ്പോഴേക്കും നിലവിൽ സ്ഥാപിച്ചിട്ടുള്ള ഭൂരിഭാഗം സോളാർ പാനലുകളുടെയും ആയുസ്സ് അവസാനിക്കുമെന്നും, ഇത് ഏതാണ്ട് 73,000 ടൺ മാലിന്യമുണ്ടാക്കുമെന്നുമാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. പഴയ പാനലുകൾ മണ്ണിൽ കുഴിച്ചുമൂടുന്നതിന് പകരം അവയിലെ വിലയേറിയ വസ്തുക്കൾ വേർതിരിച്ചെടുക്കുന്ന പുനരുപയോഗ വ്യവസായത്തിന് ഇത് വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പ്രവിശ്യാ സർക്കാരിൻ്റെ ഈ തീരുമാനത്തിനെതിരെ സോളാർ മേഖലയിലുള്ളവരും വ്യാപാരികളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു പാനലിന് 14 ഡോളർ എന്നത് വളരെ ഉയർന്ന നിരക്കാണെന്നും അനാവശ്യമായ ഭാരമാണ് സർക്കാർ അടിച്ചേൽപ്പിക്കുന്നതെന്നും അവർ ആരോപിക്കുന്നു. ഒരു വലിയ ടെലിവിഷൻ സെറ്റ് റീസൈക്കിൾ ചെയ്യാൻ ഈടാക്കുന്ന 2.75 ഡോളറിൻ്റെ അഞ്ചിരട്ടിയോളമാണ് ഈ പുതിയ തുക. സോളാർ മേഖലയ്ക്ക് തിരിച്ചടി നൽകി പ്രകൃതിവാതക വ്യവസായത്തിന് മുൻതൂക്കം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് 'സോളാർ ആൽബർട്ട' എക്സിക്യൂട്ടീവ് ഡയറക്ടർ ഹെതർ മക്കൻസി വിമർശിച്ചു. ലോകത്ത് ഒരിടത്തും സോളാർ പാനലുകൾക്ക് ഇത്രയും ഉയർന്ന റീസൈക്ലിംഗ് നിരക്കുകൾ നിലവിലില്ലെന്ന് വ്യവസായ കൂട്ടായ്മകളും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പഴയ പാനലുകൾ സംസ്‌കരണത്തിനായി നിലവിൽ അമേരിക്കയിലേക്ക് അയക്കുന്നതിന് പാനൽ ഒന്നിന് 40 ഡോളറോളം ചെലവ് വരുന്നുണ്ടെന്നാണ് മന്ത്രി ഗ്രാൻഡ് ഹണ്ടറിൻ്റെ വിശദീകരണം. ഭാവിയിൽ പ്രാദേശികമായി റീസൈക്ലിംഗ് സംവിധാനങ്ങൾ ശക്തമാവുകയും ചെലവ് കുറയുകയും ചെയ്താൽ ആ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.