കാനഡയിലെ വിന്നിപെഗിൽ നടന്ന വാർഷിക 'നഗർ കീർത്തൻ' ഘോഷയാത്രയുടെ റൂട്ടിൽ വധഭീഷണികളും വിദ്വേഷ സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടതിൽ പ്രാദേശിക സിഖ് സമൂഹം കടുത്ത പ്രതിഷേധത്തിൽ. സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ വഹിച്ചുകൊണ്ട് ഭക്തിഗാനങ്ങളോടെ നടത്തുന്ന വിശുദ്ധ ഘോഷയാത്രയാണ് നഗർ കീർത്തൻ.
ഘോഷയാത്ര പ്രമാണിച്ച് റോഡ് ഗതാഗതം വഴിതിരിച്ചുവിട്ടത് അറിയിക്കാനായി സ്ഥാപിച്ച ബോർഡുകളിലാണ് ഇന്ത്യക്കാർക്കെതിരായ വധഭീഷണിയും സ്വസ്തിക ചിഹ്നവും സ്പ്രേ പെയിൻ്റു കൊണ്ട് വരച്ചുചേർത്തത്. വിദ്വേഷ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവം വിദ്വേഷ കുറ്റകൃത്യമായി കണ്ട് അന്വേഷണം ആരംഭിച്ചതായും വിന്നിപെഗ് പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തെ മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ ശക്തമായി അപലപിച്ചു. സിഖ് സമൂഹത്തിനോ പഞ്ചാബി ജനവിഭാഗത്തിനോ എതിരെ ഇത്തരം വംശീയ വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്നത് പ്രവിശ്യയിൽ ഒരുതരത്തിലും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രകോപനങ്ങൾ ഉണ്ടായിട്ടും ചടങ്ങ് സമാധാനപരമായും ആവേശത്തോടെയും തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതായി സിഖ് സൊസൈറ്റി ഓഫ് മാനിറ്റോബ പ്രസിഡൻ്റ് ഹർബൻസ് സിംഗ് ബ്രാർ പറഞ്ഞു. അക്രമികൾക്ക് മുന്നിൽ ഭയന്നുനിൽക്കില്ലെന്നും സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകരുതലിൻ്റെ ഭാഗമായി ചടങ്ങിലുടനീളം പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.