പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഇന്ധനവില കുതിച്ചുയരുന്നു. ലേബര്‍ ഡേയില്‍ ഗാലന് ഒരു ഡോളറോളം വര്‍ധന ലേബര്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി യാത്രയ്‌ക്കൊരുങ്ങുന്ന അമേരിക്കന്‍ ജനതയ്ക്ക് തിരിച്ചടിയായി ഇന്ധനവിലയിലെ കുത്തനെയുള്ള വര്‍ധന.
ടെക്‌സസിലെ ഹൂസ്റ്റണില്‍ കഴിഞ്ഞ വര്‍ഷത്തെ ലേബര്‍ ഡേ സമയത്തെ അപേക്ഷിച്ച് പെട്രോള്‍ വിലയില്‍ ഗാലന് ഏകദേശം ഒരു ഡോളറിന്റെ (92 സെന്റ്) വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഗ്യാസ്ബഡി നല്‍കുന്ന കണക്കനുസരിച്ച് അമേരിക്കയിലെ ദേശീയ ശരാശരി ഇന്ധനവില ഗാലന് 4.12 ഡോളറാണ്. എന്നാല്‍ ഹൂസ്റ്റണില്‍ ഇത് 3.68 ഡോളറോളമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഹൂസ്റ്റണില്‍ ഗാലന് 2.76 ഡോളര്‍ മാത്രമായിരുന്നു വില. 15 ഗാലന്‍ ശേഷിയുള്ള ഒരു വാഹനം പൂര്‍ണമായി പെട്രോള്‍ അടിക്കാന്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14 ഡോളറോളം അധികം ചെലവാക്കേണ്ടി വരും.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയുള്ള ലേബര്‍ ഡേയാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിലക്കയറ്റം സാധാരണക്കാരുടെ യാത്രാ ബജറ്റിനെ കാര്യമായി ബാധിച്ചതോടെ വാഹനം ഉപയോഗിക്കുന്നത് കുറച്ചും കുറഞ്ഞ നിരക്കിലുള്ള പമ്പുകള്‍ കണ്ടെത്തിയും ചെലവ് ചുരുക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍.