''അവൾ വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു'' വത്സല(ഭാഗം 5)

By: 600009 On: Nov 4, 2021, 5:29 PM

Story Written by, Abraham George, Chicago

അവളെ കണ്ടെത്തുകയെന്നത് പ്രയാസമുള്ള കാര്യമായി അബുവിന് തോന്നിയില്ല. മെയിലിലൂടെ ശരിയായ അഡ്രസ്സവൾ അയച്ചു തന്നു. അടുത്തതെന്താണ് ചെയ്യേണ്ടതെന്നേ ആലോചിക്കേണ്ടിയിരുന്നുള്ളൂ. ഖാദറിക്കയുടെ സഹായം ഒരിക്കലും പ്രതീക്ഷിക്കേണ്ട. അബുദാബിയിൽ എത്തിയിട്ട് അധികം നാളായില്ല. പെട്ടെന്ന് ചാടിക്കയറിയെന്തെങ്കിലും ചെയ്താൽ പ്രശ്നം ഗുരുതരമാകുമെന്നതിൽ സംശയമില്ല. കുറച്ചുകൂടി കാത്തിരിക്കുകയല്ലേ നല്ലതെന്ന ചിന്ത മനസ്സിലുണർന്നു.

ദിവസങ്ങൾ നീണ്ടുപോയപ്പോൾ അവളെക്കുറിച്ച് യാതൊരു അറിവുമുണ്ടാകാതെയായി. അവൾ എവിടെയെന്ന ചിന്ത മനസ്സിലുണർന്നു. നിനക്കു വേണ്ടി മാത്രമാണല്ലോ ഞാൻ അബുദാബിവരെയെത്തിയത്. നീ എവിടെ? അറിയാനുള്ള ആഗ്രഹം മനസ്സിൽ തിങ്ങി നിറഞ്ഞു. അങ്ങനെയിരിക്കുമ്പോളാണ് നാട്ടിൽ നിന്ന് വത്സലയുടെ മെയിൽ വന്നത്.

"ഞാനിപ്പോൾ അബുദാബിയിലില്ല. എന്നെയവർ നാട്ടിലേക്ക് കൊണ്ടുപോന്നു. അബു, അബുദാബിയിലെത്തിയ വിവരം എങ്ങനെയോ അച്ഛനറിഞ്ഞു. ചത്താലും ഒരു മുസൽമാനെ കൊണ്ട് കെട്ടിക്കില്ലായെന്ന വാശിയിലാണച്ഛൻ. അച്ഛൻ പറയുന്നത്: "എനിക്കീ നാട്ടിൽ ജീവിക്കണം, അതിന് മതാചാരപ്രകാരമുള്ള വിവാഹം നടത്തിയേ മതിയാവൂ." അന്യജാതിയിൽപ്പെട്ട ആരുമായും വിവാഹം നടത്താൻ അനുവദിക്കില്ല. അതോർത്ത് നീ മനപ്പായസം ഉണ്ണണ്ടായെന്ന് ശക്തമായ ഭാഷയിൽ പറഞ്ഞു. ഞാനിവിടെ നിസ്സഹായയാകുന്നു അബു, എന്താ ചെയ്യുകയെന്ന് എനിക്ക് അറിയില്ല."

അബിയുടെ മനസ്സ് തേങ്ങി. അവളുടെ വാക്കുകളിൽ കണ്ണീരിൻ്റെ നനവുള്ളതായിതോന്നി. മടങ്ങി നാട്ടിലേക്ക് പോയാലോയെന്ന ചിന്തയുണർന്നു. അവിടെയാണ് പ്രശ്നം ഗുരുതരമായത്. അബുദാബി വിടണമെങ്കിൽ രണ്ടു വർഷമെടുക്കും. രണ്ടു വർഷത്തേക്ക് കോൺട്രാക്റ്റാണ്. രണ്ടു വർഷം കഴിയാതെ പാസ്പോർട്ട് ഷെയ്ക്ക് മടക്കിതരില്ല. നിവൃത്തിയില്ലാതെ അവിടെതന്നെ കുടുങ്ങി. ഖാദറിക്ക പറഞ്ഞു:

"നീ ജീവിക്കാൻ നോക്ക്, അല്ലാതെ ഒരു പെണ്ണിൻ്റെ പിന്നാലെ നടന്ന് ജീവിതം പാഴാക്കാതെ. ഒരിക്കലും കൂട്ടിമുട്ടിക്കാനാവാത്ത ബന്ധമാണിത്. രണ്ടു മതസ്ഥർ തമ്മിലുള്ള വിവാഹം നടക്കുന്നുണ്ടങ്കിലും അത് വലിയ പൊല്ലാപ്പാണ്. വിവാഹം കഴിച്ചാലും ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരും."

ദിവസങ്ങൾ മാസങ്ങളായി കടന്നു. മൂന്നു മാസം കഴിഞ്ഞു കാണും, കൂട്ടുകാരൻ്റെ കോൾ വന്നു. ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി.

"വത്സല മരിച്ചു. "

അബു ചോദിച്ചു: "എങ്ങനെ"

കൂട്ടുകാരൻ പറഞ്ഞു: "അവൾ വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. " അബു നിശ്ചലനായിപ്പോയി. നീ പറയുന്നത് സത്യം തന്നെയാണോയെന്നവൻ എടുത്തു ചോദിച്ചു. സത്യമല്ലാതെ ഈവക കാര്യങ്ങൾ കളവു പറയുമോയെന്ന് കൂട്ടുകാരൻ ഉറപ്പിച്ച് പറഞ്ഞു. തൻ്റേതുമാത്രമെന്ന് കരുതിയ വത്സലയിന്നില്ല, അല്ലേ? എന്തിന് അവൾ ഈ കടുംകൈ ചെയ്തു. ഞാനില്ലായെങ്കിലും അവൾക്ക് ജീവിക്കാമായിരുന്നില്ലേ? കൂട്ടുകാരൻ തുടർന്നു:  

"അവളുടെ വിവാഹം നിശ്ചയിച്ചു. അവൾ തറപ്പിച്ച് പറഞ്ഞതാണ് ഞാനീ വിവാഹം കഴിക്കില്ലായെന്ന്. അച്ഛനും അമ്മയും അവളെ ഉപദ്രവിച്ചു. വിവാഹത്തിന് സമ്മതിച്ചില്ലായെങ്കിൽ അവർ മരിക്കുമെന്നുവരെ ഭീഷണിപ്പെടുത്തി. അവൾ എതിരായിയൊന്നും തന്നെ പറഞ്ഞില്ല. എന്തോ ഉറപ്പിച്ച് തീരുമാനിച്ചപോലെ. ഇന്നലെ രാത്രിയാണീ സംഭവം നടന്നത്. വെളുക്കുവോളം അവളുടെ മുറിയിൽ വെളിച്ചമുണ്ടായിരുന്നുയെന്ന് അവർ പറഞ്ഞു. പിന്നെയെപ്പോളാണ് സംഭവം നടന്നതെന്ന് ആർക്കുമറിയില്ല.

അബു ചിന്തിച്ചു: മതങ്ങൾ തമ്മിലുള്ള വൈര്യം തൻ്റെ പ്രിയപ്പെട്ടവളുടെ ജീവനെടുത്തു. എന്തിനായിട്ട് ഈ മതങ്ങൾ, മനുഷ്യനായി മാത്രം ജീവിച്ചാൽ പേരെ." ഒരു മുടിഞ്ഞ ലൗ ജിഹാദ്.'' ഒരു മുസ്സൽന്മാന് അന്യജാതിയിൽപ്പെട്ട ഒരാളെ സ്നേഹിക്കാൻ പാടില്ലായെന്ന് പറയണതെന്ത് ന്യായമാണ്. ഞങ്ങളുടെ കുടുംബവുമായി എത്ര സ്നേഹത്തിലായിരുന്നു വത്സലയുടെ വീട്ടുകാർ. അപ്പോൾ മതങ്ങൾ ഒരു പ്രശ്നമായിരുന്നില്ല. കാര്യത്തോട് അടുത്തപ്പോൾ ഞങ്ങൾ ശത്രുക്കളായി. എവിടെനിന്നോ കയറിവന്ന വരത്തരായി.

അബുവിൻ്റെ ഓർമ്മകളിൽ വത്സല നിറഞ്ഞുനിന്നു. അവളുടെ ഒരോ ചെയ്തികളും മനസ്സിൽ നിന്നു മായുന്നില്ല. അവസാന നിമിഷം വരെ തന്നെയവൾ ഓർത്തിരിക്കണം. അബുദാബിയിൽ കുടുങ്ങിപ്പോയ നാളുകൾ അവൻ ഓർത്തു. ഞാൻ നാട്ടിലുണ്ടായിരുന്നെങ്കിൽ മരണത്തിൽ നിന്നും അവളെ രക്ഷിക്കാമായിരുന്നു. നഷ്ടപ്പെടൽ സഹിക്കാം, മരിക്കാതെയിരുന്നാൽ മതിയായിരുന്നു. എല്ലാം കഴിഞ്ഞു, മനസ്സ് ശാന്തമാക്കാൻ അവനേറെ പാടുപെട്ടു.

ഊണിലും ഉറക്കത്തിലും അവളെ കണ്ട് അയാൾ ഞെട്ടി. വത്സല തൻ്റെ കൂടെയുള്ളതായി തോന്നി. ഉറക്കം കിട്ടാത്ത ദിനങ്ങൾ. ജോലിയിൽ താൽപ്പര്യമില്ലാതെയായി. ഇക്കയുടെ നിർബന്ധത്തിന് വഴങ്ങി ഒരു സൈക്കോളിജിസ്റ്റിൻ്റെ അടുത്ത് പോയി. ഡോകടറിൻ്റെ കൗൺസിലിംഗിൽ ആദ്യമൊക്കെ ഗുണം ചെയ്തില്ല. കാലക്രമേണ അയാൾ നോർമലായി. എല്ലാം കഴിഞ്ഞില്ലേ, ഇനിയവളെ ഓർത്തിരുന്നിട്ട് എന്തിനാണന്ന് ഇക്ക ചോദിച്ചു. ഇപ്പോൾ അവൾക്ക് വേണ്ടി കണ്ണീർ പൊഴിക്കാൻ നീയുണ്ട്, നീ മരിച്ചാൽ നിൻ്റെ വീട്ടുകാർക്കല്ലാതെ മറ്റാർക്കും ഒരു നഷ്ടവുമുണ്ടാകില്ല. ആത്മഹത്യ ഒരു പോംവഴിയല്ലാ അബു. ഇക്ക പറഞ്ഞതാണ് ശരിയെന്ന് അവന് തോന്നി. ജീവിക്കണം, ജീവിച്ച് കാണിച്ചു കൊടുക്കണം. എല്ലാം കാലത്തിന് തുടച്ചു നീക്കാൻ കഴിയുമെന്ന് അവനു തോന്നിത്തുടങ്ങി.

------തുടരും-------