ഓക്ലന്‍ഡ്: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും സേവനത്തിന്റെയും സാംസ്‌കാരിക കൂട്ടായ്മയുടെയും വേദിയില്‍ ഒരുമിപ്പിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ന്യൂസിലാന്‍ഡ് പ്രൊവിന്‍സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ന്യൂസിലാന്‍ഡിലെ മലയാളി സമൂഹത്തെ കൂടുതല്‍ സജീവമായി സംഘടനയുടെ ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രൊവിന്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഓക്ലന്‍ഡിലെ മൗണ്ട് റോസ്‌കില്ലിലുള്ള തമിഴ് കമ്മ്യൂണിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 6-ന് നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍, ഫാര്‍ ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് കിരണ്‍ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
പുതിയ പ്രൊവിന്‍സിന്റെ പ്രസിഡന്റായി റോബിന്‍ കെ. ബാബു, വൈസ് പ്രസിഡന്റായി ഷാന്‍ ഷാജി കുമാര്‍, സെക്രട്ടറിയായി ബെന്‍സി ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറിയായി സിംസണ്‍ എബ്രഹാം, ട്രഷററായി ശ്രീകാന്ത് കുരുങ്ങോട്ട് എന്നിവര്‍ ചുമതലയേറ്റു.
കോ-ഓര്‍ഡിനേറ്ററായി ഷാജന്‍ മാത്യു, സ്‌പോര്‍ട്‌സ് ആന്‍ഡ് ചാരിറ്റി കോ-ഓര്‍ഡിനേറ്ററായി നിക്‌സണ്‍ ഫെലിക്‌സ്, ആര്‍ട്‌സ് ആന്‍ഡ് വിമന്‍സ് കോ-ഓര്‍ഡിനേറ്ററായി അപര്‍ണ ശ്യാം, യൂത്ത് കോ-ഓര്‍ഡിനേറ്ററായി അവിന്‍ ജോയ് എന്നിവരും നേതൃത്വനിരയില്‍ ചുമതലയേറ്റു.
1995-ല്‍ ന്യൂജഴ്‌സിയില്‍ തുടക്കം; ഇന്ന് 83 പ്രൊവിന്‍സുകള്‍
1995-ല്‍ അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപംകൊണ്ടത്. ടി. എന്‍. ശേഷന്‍, കെ. പി. പി. നമ്പ്യാര്‍, ലേഖ ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരൊറ്റ ആഗോള വേദിയില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സംഘടനയ്ക്ക് തുടക്കമായത്.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവര്‍ത്തനത്തിലൂടെ വിവിധ ഭൂഖണ്ഡങ്ങളിലേക്കും രാജ്യങ്ങളിലേക്കും സംഘടനയുടെ പ്രവര്‍ത്തനം വ്യാപിച്ചു. ന്യൂസിലാന്‍ഡ് പ്രൊവിന്‍സ് ഉള്‍പ്പെടെ വേള്‍ഡ് മലയാളി കൗണ്‍സിലിന് ഇന്ന് ആഗോളതലത്തില്‍ 83 പ്രൊവിന്‍സുകളുണ്ട്. സാമൂഹിക സേവനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, യുവജന-വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ വിവിധ പ്രൊവിന്‍സുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ന്യൂസിലാന്‍ഡിലെ മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവുമായ കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതുതലമുറയെ മലയാള ഭാഷയോടും സംസ്‌കാരത്തോടും കൂടുതല്‍ അടുപ്പിക്കുന്നതിനും പുതിയ പ്രൊവിന്‍സ് മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കായിക, കലാ, വനിതാ, യുവജന, ജീവകാരുണ്യ മേഖലകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.
''Global Malayalees - Stronger Together' എന്ന സന്ദേശവുമായി ന്യൂസിലാന്‍ഡില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ അധ്യായമാണ് ആരംഭിച്ചിരിക്കുന്നത്.