പി. പി. ചെറിയാന്‍
ഡാളസ്: അമേരിക്കന്‍ മലയാളി ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമായ കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ഗോള്‍ഡന്‍ ജൂബിലി (1976-2026) ആഘോഷങ്ങള്‍ക്കും തിരുവോണാഘോഷങ്ങള്‍ക്കും ലൂയിസ്വില്ലയിലെ എന്റക്‌സ് അരീനയില്‍ അവിസ്മരണീയമായ തുടക്കം. പ്രശസ്ത പിന്നണി ഗായകന്‍ ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസ് 50-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
രാവിലെ 10 മണിക്ക് തനിമയാര്‍ന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ച ഗാനഗന്ധര്‍വ്വന്‍, പ്രവാസ ലോകത്ത് മലയാള തനിമയും സംസ്‌കാരവും മൂല്യങ്ങളും നിലനിര്‍ത്തുന്നതില്‍ ഡാളസ് കേരള അസോസിയേഷന്‍ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു.
സദസ്സിനെ പ്രചോദിപ്പിച്ച തന്റെ സന്ദേശത്തില്‍ വിനയത്തിന്റെയും സ്നേഹത്തിന്റെയും ആത്മീയതയുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു:
'സ്ഥാനത്തേക്കാള്‍ വലിയതാണ് വിനയം; സമ്പത്തിനേക്കാള്‍ വിലപ്പെട്ടതാണ് സ്നേഹം. നമുക്ക് ലഭിച്ചിരിക്കുന്ന പദവികളും സമ്പത്തും കഴിവുകളും മറ്റുള്ളവരില്‍നിന്ന് നമ്മെ അകറ്റാനുള്ള കാരണമാകരുത്. കിരീടം ധരിച്ച രാജാവായാല്‍ പോലും ജനങ്ങളോട് വിനയത്തോടെയും സ്‌നേഹത്തോടെയും പെരുമാറണം. മതം നമ്മെ വേര്‍തിരിക്കാനുള്ളതല്ല, മറിച്ച് സ്‌നേഹത്തിലൂടെയും കരുണയിലൂടെയും നമ്മെ തമ്മില്‍ അടുപ്പിക്കാനുള്ളതാണ്. ഈ നല്ല പാരമ്പര്യങ്ങളും മൂല്യങ്ങളും കൈവിട്ടുപോകാതെ പുതിയ തലമുറയിലേക്കും കൈമാറാന്‍ നമുക്ക് സാധിക്കണം,' എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്.
അസോസിയേഷന്‍ പ്രസിഡന്റ് ഷിജു അബ്രഹാം, സെക്രട്ടറി മന്‍ജിത് കൈനിക്കര, ട്രഷറര്‍ സിജു കൈനിക്കര, ആര്‍ട്ട് ഡയറക്ടര്‍ ജിജി പി. സ്‌കറിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സംഘടനയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് വിലയേറിയ സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തികളെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി വൈകുന്നേരം 3:00 മുതല്‍ 5:00 വരെ നടന്ന 'മാജിക് മെലഡി മിഷന്‍' കലാസന്ധ്യ അരങ്ങേറി.മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച അത്ഭുതകരമായ മാജിക് ഷോ കാണികളെ വിസ്മയിപ്പിച്ചു.
രവിശങ്കര്‍ ആര്‍, ചിത്ര അരുണ്‍ എന്നീ പ്രശസ്ത പിന്നണി ഗായകരുടെ മനോഹരമായ ഗാനമേള സദസ്സിനെ ആവേശത്തിലാഴ്ത്തി.
വിഷ്ണു അശോക് അവതരിപ്പിച്ച വയലിന്‍ ഫ്യൂഷന്‍ ആഘോഷങ്ങള്‍ക്ക് പുതിയൊരു സംഗീതാനുഭവം നല്‍കി.
വിവിധ സാംസ്‌കാരിക പരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഉള്‍പ്പെടെ നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ പങ്കെടുത്ത ഈ മഹാമഹം ഡാളസിലെ പ്രവാസി മലയാളികള്‍ക്ക് എക്കാലവും ഓര്‍മ്മിക്കാവുന്ന ഒരു ഉത്സവാനുഭവമായി മാറി.