കൗമാരക്കാർ മനസ്സിന്റെ വിഷമങ്ങളും സംശയങ്ങളും പങ്കുവെക്കാൻ എഐ ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കുന്നത് വർധിക്കുന്നതായി കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ഓട്ടവയുടെ പഠനം. എന്നാൽ ഇത്തരം സാങ്കേതികവിദ്യകൾ മനുഷ്യർ നൽകുന്ന സ്നേഹത്തിനും സഹാനുഭൂതിക്കും പകരമാകില്ലെന്നും വലിയ അപകടസാധ്യതകൾ ഉയർത്തുന്നുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഒൻ്റാരിയോയിലെ നാല് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന നാൽപ്പതിനായിരത്തോളം കുട്ടികളിലാണ് പഠനം നടത്തിയത്. ഇതിൽ അഞ്ചിലൊരാൾ വീതം ഉപദേശങ്ങൾക്കും മാനസിക പിന്തുണയ്ക്കുമായി എ.ഐയെ ആശ്രയിക്കുന്നുണ്ട്. ഇങ്ങനെ എ.ഐയോട് മനസ്സ് തുറക്കുന്ന കുട്ടികളിൽ മാനസിക വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്. ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളാണ് എ.ഐയോട് കൂടുതൽ സംസാരിക്കുന്നത്.
എ.ഐ നൽകുന്ന ഉപദേശങ്ങൾ വിദഗ്ദ്ധർ പരിശോധിച്ച് ഉറപ്പുവരുത്തിയതല്ലെന്നും പലപ്പോഴും അത് തെറ്റാകാൻ സാധ്യതയുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ട്രാസി വെയ്‌ലൻകോർട്ട് പറയുന്നു. യഥാർത്ഥ ജീവിതത്തിൽ മനുഷ്യരുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് എ.ഐയുമായുള്ള സൗഹൃദത്തിലൂടെ ലഭിക്കില്ലെന്ന് ശിശുരോഗ വിദഗ്ദ്ധനായ ഡോ. ജേസൺ നാഗറ്റയും ചൂണ്ടിക്കാണിക്കുന്നു.
കുടുംബത്തിലോ സൗഹൃദങ്ങളിലോ ഒറ്റപ്പെടൽ അനുഭവപ്പെടുന്ന കുട്ടികളാണ് പലപ്പോഴും എ.ഐയിലേക്ക് തിരിയുന്നത്. അതിനാൽ മക്കൾ എ.ഐ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മാതാപിതാക്കൾ കൃത്യമായി ശ്രദ്ധിക്കണം. എ.ഐ നൽകുന്ന ഉത്തരങ്ങൾക്ക് വിട്ടുകൊടുക്കാതെ, മക്കളുമായി കൂടുതൽ സമയം സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും മുതിർന്നവർ സമയം കണ്ടെത്തണമെന്നും വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.