കാനഡയിലെ എഡ്മൻ്റനിൽ ആംബുലൻസ് ലഭിക്കാൻ ഒന്നര മണിക്കൂറോളം വൈകിയതിനെ തുടർന്ന് ചികിത്സ കിട്ടാതെ ഡോക്ടറുടെ ഭാര്യ മരിച്ചു. കുടുംബാരോഗ്യ ഡോക്ടറായ ഗൈ ബ്ലെയ്സിൻ്റെ ഭാര്യ എലെയ്ൻ വാറൻ-ബ്ലെയ്സ് (65) ആണ് മരിച്ചത്. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ഭാര്യയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി, ആരോഗ്യ മേഖലയിലെ വീഴ്ചകൾക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഡോ. ബ്ലെയ്സും കുടുംബവും രംഗത്തെത്തി.
കഴിഞ്ഞ ജൂലൈ 24-ന് പുലർച്ചെയാണ് വീടിനുള്ളിൽ വെച്ച് എലെയ്ൻ കുഴഞ്ഞുവീണത്. ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് പുലർച്ചെ 4:52-ന് തന്നെ ഡോ. ബ്ലെയ്സ് 911-ൽ വിളിച്ച് ആംബുലൻസ് സഹായം തേടി. എന്നാൽ ആദ്യ ഫോൺ കോൾ ചെയ്ത് ഏകദേശം ഒരു മണിക്കൂറും 24 മിനിറ്റും കഴിഞ്ഞ ശേഷമാണ് ആംബുലൻസ് സ്ഥലത്തെത്തിയത്.
ഈ നീണ്ട കാത്തിരിപ്പിനിടയിൽ എലെൻ്റെ ആരോഗ്യനില ഗുരുതരമാകുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. ആംബുലൻസിലെത്തിയ പാരാമെഡിക്കൽ ജീവനക്കാർ സി.പി.ആർ നൽകി യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവും, രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിലെ കാലതാമസം കാരണം ആംബുലൻസുകൾ മണിക്കൂറുകളോളം കെട്ടിക്കിടക്കുന്നതുമാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആൽബർട്ട ഹെൽത്ത് സർവീസസിന് പരാതി നൽകിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എമർജൻസി ഹെൽത്ത് സർവീസസ് അധികൃതർ വ്യക്തമാക്കി.