ജോലി കണ്ടെത്താനും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനും എഐ ഉപയോഗിക്കുന്നത് കാനഡയിൽ വ്യാപകമാകുന്നു

By: 600110 On: Sep 7, 2026, 7:22 AM

ജോലി കണ്ടെത്താനും യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനും കൃത്രിമബുദ്ധി (AI) ഉപയോഗിക്കുന്നത് വ്യാപകമാകുന്നു. റെസ്യൂമെ തയാറാക്കൽ, അപേക്ഷകൾ പ്രാഥമികമായി പരിശോധിക്കൽ, ആദ്യഘട്ട ഇന്റർവ്യൂകൾ നടത്തൽ തുടങ്ങി തൊഴിൽ രംഗത്തെ പ്രാരംഭ നടപടികളിലെല്ലാം എ.ഐ സാങ്കേതികവിദ്യയാണ് ഇപ്പോൾ പ്രധാന താരം.

കാനഡയിലെ തൊഴിൽ വിപണിയിൽ മത്സരം കടുത്തതോടെയാണ് സമയവും അധ്വാനവും ലാഭിക്കാൻ തൊഴിലുടമകളും ഉദ്യോഗാർത്ഥികളും ഒരുപോലെ പുതിയ സാങ്കേതികവിദ്യകളെ ആശ്രയിച്ചു തുടങ്ങിയത്. ആയിരക്കണക്കിന് അപേക്ഷകൾ തരംതിരിക്കാനും, അവ സംഗ്രഹിക്കാനും, യോഗ്യതയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യാനും കമ്പനികൾ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നു.

മനുഷ്യർക്ക് പകരം ഇന്റർവ്യൂ നടത്തുന്ന എ.ഐ സിസ്റ്റങ്ങളും ഇപ്പോൾ സജീവമാണ്. 'റിബൺ', 'നോക്രി' തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉദ്യോഗാർത്ഥികളുടെ മറുപടികളും പെരുമാറ്റ രീതികളും വിശകലനം ചെയ്താണ് മൂല്യനിർണയം നടത്തുന്നത്. വ്യക്തിപരമായ പക്ഷപാതങ്ങളില്ലാതെ യഥാർത്ഥ കഴിവുകൾ അടിസ്ഥാനമാക്കി ആളുകളെ തിരഞ്ഞെടുക്കാൻ ഇത് സഹായിക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം.

എന്നാൽ, ഒരു മനുഷ്യൻ പോലും അപേക്ഷ തുറന്നുനോക്കും മുൻപേ സിസ്റ്റം അപേക്ഷ നിരസിക്കുന്നു എന്ന പരാതിയും ഉദ്യോഗാർത്ഥികൾക്കിടയിൽ ശക്തമാണ്. ഇതോടെ, ജോലി ഒഴിവുകളിലേക്ക് എ.ഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്ന് ഒൻ്റാരിയോയിൽ പുതിയ നിയമവും പ്രാബല്യത്തിൽ വന്നു.

അതേസമയം, റെസ്യൂമെയും കവർ ലെറ്ററും തയാറാക്കാനും ഇൻ്റർവ്യൂകൾ നേരിടാനും ഉദ്യോഗാർത്ഥികളും വ്യാപകമായി എ.ഐ സഹായം തേടുന്നുണ്ട്. എന്നാൽ സാങ്കേതികവിദ്യയെ ഇത്തരം കാര്യങ്ങൾക്ക് അമിതമായി ആശ്രയിക്കുന്നതിനെ തൊഴിൽ വിദഗ്ധർ സംശയത്തോടെയാണ് കാണുന്നത്. എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, വരുംദിവസങ്ങളിൽ തൊഴിൽമേഖലയിൽ എ.ഐയുടെ സ്വാധീനം ഇനിയും ശക്തമാകുമെന്ന കാര്യത്തിൽ തർക്കമില്ല.