നോവ സ്കോഷയിൽ കനത്ത വെള്ളപ്പൊക്കം: കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

By: 600110 On: Sep 7, 2026, 7:15 AM

കനത്ത മഴയെത്തുടർന്ന് കാനഡയിലെ നോവ സ്കോഷയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു സ്ത്രീ മരിച്ചു. ക്ലീവ്‌ലാൻഡ് സ്വദേശിയായ ഇവരുടെ മൃതദേഹം ഞായറാഴ്ചയാണ് ആർ.സി.എം.പി പോലീസ് കണ്ടെടുത്തത്. ശനിയാഴ്ച രാവിലെയോടെയാണ് ഇവരെ കാണാതാകുന്നത്.

വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ ഒരു പാലത്തിനടുത്ത് നിർത്തിയിട്ടിരുന്ന സ്വന്തം വാഹനത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സ്ത്രീയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രവിശ്യാ പ്രീമിയർ ടിം ഹൂസ്റ്റൺ പറഞ്ഞു.

മഴ കനത്തതോടെ റോഡുകൾ പലതും ഒലിച്ചുപോകുകയും പ്രകൃതിക്ഷോഭം രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിൽ കേപ് ബ്രെട്ടൻ ദ്വീപിലെ മൂന്ന് പ്രദേശങ്ങളിൽ (ഇൻവെർനസ്, വിക്ടോറിയ, റിച്ച്മണ്ട്) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ 200 മില്ലീമീറ്ററിലധികം മഴയാണ് പെയ്തിറങ്ങിയത്. പലയിടത്തും റോഡുകൾ തകർന്നടിഞ്ഞതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

നിലവിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും റോഡുകളിലെ അപകട സാധ്യത കണക്കിലെടുത്ത് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് എമർജൻസി മാനേജ്‌മെൻ്റ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കം പൂർണ്ണമായി ഇറങ്ങിയ ശേഷമേ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാകൂ എന്നും, റോഡുകളുടെ പുനരുദ്ധാരണം എത്രയും വേഗം പൂർത്തിയാക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.