പി പി ചെറിയാന്‍
ഫ്‌ലോറിഡ: ടാംപ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടിന് സമീപം ചെറിയ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രശസ്തനായ ഡോക്ടറും നഴ്‌സും കൊല്ലപ്പെട്ടു. കുട്ടികളുടെ നട്ടെല്ല് രോഗ വിദഗ്ധനായ ഡോ. ഡേവിഡ് സിയാംബാനെസ് (59), അഡ്വെന്റ് ഹെല്‍ത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നഴ്‌സ് പ്രാക്ടീഷണര്‍ ഡോണ്‍ സ്റ്റോണ്‍ (53) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ടാംപ എയര്‍പോര്‍ട്ടില്‍ നിന്ന് നോര്‍ത്ത് കരോലൈനയിലേക്ക് പുറപ്പെട്ട ഒറ്റ എന്‍ജിനുള്ള ലാന്‍കെയര്‍ എവല്യൂഷന്‍ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കാട്ടിലേക്ക് തകര്‍ന്നു വീണത്. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഡോ. സിയാംബാനെസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം. അപകടകാരണത്തെക്കുറിച്ച് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.